കോട്ടയം: പൊതുസ്ഥലത്ത് ഫ്ലക്സ് ബോർഡുകൾ ശേഷിച്ചാൽ അതതു നഗരസഭ , പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്ന് പണം ഈടാക്കണമെന്ന ഹൈക്കോടതി വിധിക്ക് പുല്ലുവില. വിധി വന്ന ഉടൻ കോടതിയുടെ കണ്ണിൽ പൊടിയിടാൻ കുറേ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ കാണിച്ച ആവേശം പെട്ടെന്ന് ചോർന്നു. വിവിധ രാഷ്ടീയ നേതാക്കളുടെ കേരള യാത്രയുടേയും മറ്റുമുള്ള ഫ്ലക്സുകൾ തെളിയിക്കുന്നത് അതാണ്.

ഫ്ലക്സ് നിർമ്മിക്കാനുപയോഗിക്കുന്ന പോളിവിനൈൽ ക്ലോറൈഡ് അപകടകാരിയായ രാസപദാർത്ഥമാണ് . ഇതാണ് നിരോധനത്തിനു കാരണം.

ഇതിനു പകരം പോളിഎത്തിലിൻ പോലെ റീ സൈക്കിൾ ചെയ്യാവുന്ന ഇതര മെറ്റീരിയലുകൾ കിട്ടും. അതിനാൽ ഫ്ലക്സിന് പൂർണ നിരോധനം ഏർപ്പെടുത്തിയാലും പ്രിന്റിംഗ് സ്ഥാപനങ്ങൾക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സർക്കാർ പരിപാടികളുടേതടക്കമുള്ളവയുടെ പരസ്യ പ്രചാരണങ്ങൾക്ക് ഫ്ലക്സ് ഉപയോഗിക്കാൻ പാടില്ല. പോളി എത്തിലീനോ കോട്ടൺ തുണിയോ ഉപയോഗിക്കാം. ഇവയും പ്രിന്റ് ചെയ്യുമ്പോൾ 'റീസൈക്ലബിൾ, പി.വി.സി ഫ്രീ' എന്ന എഴുത്തും, ഉപയോഗം അവസാനിക്കുന്ന തീയതിയും സ്ഥാപനത്തിന്റെ പേരും പ്രിന്റിംഗ് നമ്പരും രേഖപ്പെടുത്തണമെന്നുണ്ട്. പ്രോഗ്രാം ബാനറുകൾക്ക് പരിപാടി തീരുന്ന തീയതിയും , അല്ലാത്തവയ്ക്ക് 90 ദിവസവുമാണ് പ്രദർശന കാലാവധി. പ്രിന്റിംഗ് നടത്തുന്ന സ്ഥാപനത്തിൽ ഉപഭോക്താവിന്റെ വിവരങ്ങൾ സൂക്ഷിക്കണം. ബോർഡുകളും ബാനറുകളും ഉപയോഗം അവസാനിച്ച് മൂന്നു ദിവസത്തിനുള്ളിൽ പ്രിന്റ് ചെയ്ത സ്ഥാപനത്തിൽ തിരിച്ചേൽപ്പിക്കണം.

ഇവ ലംഘിച്ച് ഫ്ലക്സ് ബാനറോ ബോർഡോ സ്ഥാപിച്ചാൽ പ്രിന്റ് ചെയ്തവരിൽ നിന്നും സ്ഥാപിച്ചവരിൽ നിന്നും സ്ക്വയർ ഫീറ്റിന് 20 രൂപ വച്ച് പിഴ ഈടാക്കാം. ഇത്തരത്തിൽ വരുമാനമുണ്ടാക്കാമായിരുന്നിട്ടും തദ്ദേശ സ്ഥാപന അധികൃതരാരും ആ വഴി നോക്കുന്നില്ല.