പാമ്പാടി : കലുങ്ക് നിർമ്മാണം നാട്ടുകാരെ വലയ്ക്കുന്നു. പയ്യപ്പാടി റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള കലുങ്ക് നിർമ്മാണമാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. നിർമ്മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത് യാത്രാ ദുരിതം രൂക്ഷമാക്കി. മഞ്ഞാടി ഭാഗത്തു നിന്നും പാമ്പാടി ടൗണിലേയ്ക്കുള്ള യാത്രയാണ് ഏറെ കഷ്ടം. ദേശീയ പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട അവസ്ഥയാണ്.പല പ്രശ്നങ്ങൾ കാരണം റോഡ് നിർമ്മാണം നീണ്ടതാണ് പ്രശ്നത്തിന് കാരണം. പണി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ പാലം വീതികൂട്ടുന്നതിന് എതിരായി സമീപവാസി കേസ് കൊടുത്തതോടെ നിർമ്മാണം മുടങ്ങി.കോടതിയുടെ അനുവാദത്തോടെ നിർമ്മാണം പുനരാരംഭിച്ചെങ്കിലും വിലങ്ങ്തടിയായെത്തിയ മഴ കാര്യങ്ങൾ വീണ്ടും അവതാളത്തിലാക്കി.
മഴ പെയ്ത് കലുങ്ക് നിർമിക്കുന്ന ഭാഗത്തെ കൈത്തോടു നിറഞ്ഞതോടെ നിർമ്മാണം വീണ്ടും നിലച്ചു.ഇപ്പോൾ
മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ചാണ് പണി നടത്തുന്നത്. ഇതുവഴി യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിൽ സവാരിക്കായി വിളിക്കുന്ന ഓട്ടോറിക്ഷ ടാക്സി തൊഴിലാളികൾ കൂടുതൽ കൂലി വാങ്ങുന്നതായി യാത്രക്കാർ പറയുന്നു. അതിനാൽ അടിയന്തരമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.