കോട്ടയം: പ്രതികളെ ഹാജരാക്കാൻ ആവശ്യത്തിനു പൊലീസില്ലാതെ വന്നതോടെ കെവിൻ വധക്കേസ് പരിഗണിക്കുന്നത് ഡിസംബർ ആറിലേയ്‌ക്ക് മാറ്റി. ശബരിമല വിഷയത്തിലടക്കം വിവിധ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിലാണിത്.
അഡീഷനൽ സെഷൻസ് നാലാം കോടതിയിലാണ് ഇന്നലെ കേസ് പരിഗണിച്ചത്. എന്നാൽ, പ്രതികളെ ഹാജരാക്കിയിരുന്നില്ല. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു മുന്നോടിയായുള്ള വാദമാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.
നാലും ഒമ്പതും പ്രതികളായ റിയാസ്, ടിന്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയും ഡിസംബർ ആറിന് കോടതി പരിഗണിക്കും.കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു എന്നിവരടക്കം 14 പ്രതികളാണുള്ളത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ സി.എസ്. അജയൻ ഹാജരായി.