pala-parala-road

പാലാ : പാരലൽ റോഡിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള വിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നത് റോഡിന്റെ തകർച്ചക്കും കാരണമാകുന്നതായാണ് പരാതി.

ബൈപ്പാസ് നിർമ്മാണം പൂർത്തിയായി രണ്ട് വർഷമാകുന്നതിന് മുൻപേ കുറഞ്ഞത് 25 ഭാഗത്തെങ്കിലും പൈപ്പ് ലൈനുകൾ പൊട്ടി റോഡ് തകർന്നിരിക്കുകയാണ്. നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതും 25 വർഷത്തിലേറെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ നവീകരിക്കാത്തതുമാണ് പൈപ്പുകൾ അടിക്കടി പൊട്ടുന്നതിന് കാരണമെന്ന് പറയപ്പെടുന്നു.

അത്യാധുനിക നിലാവാരത്തിൽ പൂർത്തിയായ പാലാ പാരലൽ റോഡിന്റെ ഒന്നും രണ്ടും ഘട്ടമായ പാലാ സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗത്തെ പൈപ്പുകളാണ് തുടർച്ചയായി പൊട്ടി കുടിവെള്ളം പാഴാകുന്നത്. റബറൈസ്ഡ് ടാറിംഗ് നടത്തിയ റോഡിന്റെ പലഭാഗത്തും ടാറിംഗ് ഒലിച്ചുപോയിട്ടുണ്ട്. റോഡിലുടനീളം അറ്റകുറ്റപണികൾ നടത്തിയിരിക്കുകയാണ്.

അടുത്തിടെ അറ്റകുറ്റണികൾ നടത്തി കുഴിയടച്ചെങ്കിലും ഇന്നലെ എൻഎസ്എസ് കരയോഗമന്ദിരത്തിന്റെ ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി റോഡ് തകർന്നിരിക്കുകയാണ്. കുത്തനെ ഇറക്കം തുടങ്ങുന്ന ഭാഗത്താണ് കുഴി. വെള്ളംകുത്തയൊഴുകി ഇതിന് 20 മീറ്ററോളം ചുറ്റളവിൽ റോഡും സമീപത്തെ നടപ്പാതയും ഓടയും പൊളിഞ്ഞിട്ടുണ്ട്.. കുഴി ദിനംപ്രതി വികസിച്ച് വരുന്നതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവായി.

പാരലൽ റോഡിലെ അറ്റകുറ്റപണികൾ തീർക്കുന്നതിനും പുതിയ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് വാട്ടർ അതോറിട്ടിക്ക് 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ചുള്ള നവീകരണവും വൈകുന്നതായി ആക്ഷേപമുണ്ട്.

എന്നാൽ പാരലൽ റോഡിലെ വാട്ടർ അതോറിട്ടി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും അറ്റകുറ്റപണികൾക്കുമായി അനുവദിച്ച തുക വിനിയോഗിക്കുമെന്ന് പാലാ വാട്ടർ അതോറിറ്റി അസി. എഞ്ചിനീയർ ദീപക് പറഞ്ഞു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്.

റോഡ് നിർമ്മാണ സമയത്ത് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി ഓടകളോട് ചേർന്ന് നിർമ്മിച്ച പ്രത്യേകഭാഗത്തു കൂടിയാണ് പൈപ്പ് ലൈൻ ഇടുന്നത്. അത്യാധുനികവും ഗുണനിലവാരവും ചെലവുമേറിയ ഡിഐ പൈപ്പുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ബൈപ്പാസിനെ മുറിച്ച് മറുവശത്തേക്ക് സ്ഥാപിക്കുന്ന ഭാഗങ്ങളിലും ഇത്തരം കട്ടികൂടിയ പൈപ്പ്‌ലൈൻ ഉപയോഗിക്കും. ഇതോടെ പൈപ്പുകൾ പൊട്ടുന്ന അവസ്ഥക്ക് പരിഹാരമാകുമെന്നും അധികാരികൾ പറയുന്നു.

25 വർഷത്തിലേറെ പഴക്കമുള്ള പൈപ്പുകളാണ് നിലവിലുള്ളത്. ഇവയുടെ കാലപ്പഴക്കമാണ് ഒരു കാരണം. ഇതോടൊപ്പം ബൈപ്പാസിനായി പുത്തൻപള്ളിക്കുന്ന് ഭാഗത്തെ വലിയ കയറ്റങ്ങൾ മണ്ണെടുത്ത് കുറച്ചിരുന്നു. ഇതോടെ മണ്ണിനടിയിലെ ആഴംകുറഞ്ഞ പൈപ്പുകൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുക കൂടി ചെയ്തതോടെ തുടർച്ചയായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയെന്നും അസി.എഞ്ചിനീയർ പറയുന്നു.