ചങ്ങനാശേരി : മുനിസിപ്പാലിറ്റിയുടെ അശാസ്ത്രീയമായ കെട്ടിടനികുതി വർദ്ധനവിനെതിരെ സമരപരിപാടികളുമായി വ്യാപാരികളും റെസിഡന്റ്സ് അസോസിയേഷനുകളും രംഗത്ത്. ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി നഗരപരിധിയിലെ 58 റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവരുടെ സംയുക്തയോഗമാണ് സമരത്തിന് തീരുമാനമെടുത്തത്. കെട്ടിട നികുതി വർദ്ധനവിന്റെ കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ നികുതി അടയ്ക്കില്ല എന്നും യോഗം തീരുമാനിച്ചു. ചങ്ങനാശേരി മർച്ചന്റ്‌സ് അസോസിയേഷന് ഹൈക്കോടതിയിൽ നിന്നും ലഭിച്ച ഇടക്കാല ഉത്തരവിനോട് കക്ഷിചേരാനും യോഗത്തിൽ തീരുമാനമായി. ചങ്ങനാശേരി വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബിജു ആന്റണി കൈയ്യാലപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ടോമിച്ചൻ അയ്യരുകുളങ്ങര, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തൂമ്പുങ്കൽ, ടി.കെ അൻസർ, മുഹമ്മദ് നവാസ്, ബാബു ആലപ്പുറത്തു കാട്ടിൽ, ജോജി ജോസഫ്, ബിനോ ജോൺ, ഇ.എം റഷീദ്, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ജോജി ജോസഫ്, ഹരിദാസ് താലൂക്ക് റസി. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.എസ്.ആനന്ദക്കുട്ടൻ, ജി.ലക്ഷ്മണൻ, മറ്റപ്പള്ളി ശിവശങ്കരപിള്ള, അബ്ദുൽ അസീസ്, മജീദ് ഖാൻ, നിസ്സാർ, കെ.ടി ചെറിയാൻ, ഗോപാലൻ പി.കെ, എം.സി.കെ പിള്ള കെ.ജെ, കൊച്ചുമോൻ എന്നിവർ സംസാരിച്ചു.