വൈക്കം : സോപാനവാദ്യങ്ങളുടെ മംഗളധ്വനിയാൽ മുഖരിതമാകുന്ന ക്ഷേത്രാന്തരീക്ഷം. ആയിരക്കണക്കിനു ഭക്തജനങ്ങളുടെ ചുണ്ടുകളിൽ നിന്നുയരുന്നത് ശിവപഞ്ചാക്ഷരീമന്ത്രങ്ങൾ. തെക്കൻകാശിയെന്ന് വിഖ്യാതമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന് നടക്കും. കിഴക്കേ ആൽത്തറച്ചുവട്ടിൽ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദമഹർഷിക്കു പത്‌നീസമേതനായി പരമേശ്വരൻ ദർശനം നൽകി അനുഗ്രഹിച്ച കാർത്തിക മാസത്തിലെ കൃഷ്ണാഷ്ടമി മുഹൂർത്തത്തിലാണ് അഷ്ടമി ദർശനം. പുലർച്ചെ 3.30ന് നട തുറന്ന് ഉഷ പൂജയ്ക്കും എതൃത്ത പൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനം ആരംഭിക്കും. സ്വർണപ്രഭാമണ്ഡലം ചാർത്തി പട്ടുടയാടകൾ, സ്വർണ അങ്കി, സ്വർണ ചന്ദ്രക്കല, സ്വർണ പുഷ്പങ്ങൾ, സ്വർണ ഉതിരബന്ധം, കട്ടിമാലകൾ എന്നിവകൊണ്ട് അലങ്കരിച്ച വൈക്കത്തപ്പന്റെ രൂപമാണ് ഭക്തർ ദർശിക്കുന്നത്. അഷ്ടമി ദിവസം 151 പറ അരിയുടെ പ്രാതലാണ് ദേവസ്വം ബോർഡിന്റെ ചുമതലയിൽ ഊട്ടുപുരയിൽ ഒരുക്കുക.

അഷ്ടമി വിളക്ക് ഇന്ന്

താരകാസുര നിഗ്രഹത്തിന് പോയ ദേവസേനാപതിയായ പുത്രൻ ഉദയനാപുരത്തപ്പനെ കാണാതെ ആകുലചിത്തനായി മഹാദേവൻ വാദ്യമേളങ്ങളുടെ അകമ്പടിയില്ലാതെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നതോടെ അഷ്ടമി വിളക്കിന്റെ ചടങ്ങുകൾക്ക് തുടക്കമാകും. അസുര നിഗ്രഹത്തിനു ശേഷം വിജയശ്രീലാളിതനായി കൂട്ടുമ്മേൽ ഭഗവതിയോടും ശ്രീനാരായണപുരം ദേവനോടും ഒപ്പം വരുന്ന ഉദയനാപുരത്തപ്പന് വൻവരവേല്പാണ് വൈക്കം പൗരാവലി നൽകുക. വലിയ കവലയിലും കൊച്ചാലുംചുവട്ടിലും കൊട്ടാരത്തിന് മുൻവശവും ബഹുനില അലങ്കാരപ്പന്തലുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചും നിറദീപങ്ങളും നിറപറയും ഒരുക്കിയ രാജവീഥിയിലൂടെയാണ് ഉദയനാപുരത്തപ്പൻ വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. അഷ്ടമി വിളക്കിനായ എത്തിച്ചേരുന്ന മൂത്തേടത്തുകാവ് ഭഗവതിയും ഇണ്ടംതുരുത്തിൽ ഭഗവതിയും കണ്ണൻകുളങ്ങര ശാസ്ത ക്ഷേത്രത്തിൽ ഇറക്കി പൂജയ്ക്ക് ശേഷം തെക്കേ നടയിൽ ഒരുക്കുന്ന വരവേല്പ് ഏറ്റുവാങ്ങി തെക്കേ ഗോപുരനടയിൽ എത്തി ചേരുന്ന കിഴക്കും കാവ് ഭഗവതിയും പുഴവായിക്കുളങ്ങര മഹാവിഷ്ണുവും മഹാദേവക്ഷേത്രത്തിന്റെ തെക്കേ ഗോപുരം വഴി അകത്ത് പ്രവേശിക്കും. ടി.വി പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വടക്കേ ഗോപുരനടയിൽ വച്ച് ഉദയനാപുരം ക്ഷേത്രത്തിലെ എഴുന്നള്ളിപ്പുമായി ഒന്നിച്ച് വടക്കേ ഗോപുരം വഴി ക്ഷേത്രത്തിൽ പ്രവേശിക്കും. എഴുന്നളളിപ്പുകൾ ഒരുമിച്ച് വൈക്കത്തപ്പൻ എഴുന്നള്ളി നിൽക്കുന്ന കിഴക്കേ ആന പന്തലിലേക്ക് നീങ്ങും.
വിജയിയായി വരുന്ന ദേവസേനാപതിക്ക് പിതാവ് സ്വന്തം സ്ഥാനം നല്കി ആദരിക്കും. തുടർന്നാണ് വലിയകാണിക്ക. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും മറ്റ് ദേശദേവതമാരുടെയും മുന്നിൽ ഭൂവുടമ അവകാശിയായ കറുകയിൽ കൈമൾ പല്ലക്കിൽ വന്ന് കാണിക്ക അർപ്പിക്കും. തുടർന്ന് ഭക്തരുടെ കാണിയ്ക്ക സമർപ്പിക്കലിന് ശേഷം എഴുന്നളളിപ്പുകൾ ക്ഷേത്രത്തിന് ഒരു വലംവയ്ക്കും. പിന്നീടാണ് വിട പറയൽ ചടങ്ങ്. ദേശദേവതമാർ യാത്ര ചോദിച്ചതിന് ശേഷം അച്ഛനും മകനും വിട പറയും. വൈക്കത്തപ്പനേയും ഉദയനാപുരത്തപ്പനെയും എഴുന്നള്ളിക്കുന്ന ഗജവീരൻമാർ മുഖാമുഖം നിന്ന് യാത്ര ചോദിക്കും. ഓംകാരം മുഴങ്ങുന്ന ശംഖനാദത്തോടൊപ്പം ആനകളും പ്രത്യേക രീതിയിൽ ശബ്ദമുണ്ടാക്കും. ദുഖകണ്ഠാരം എന്ന രാഗത്തിലാണ് നാഗസ്വരം വായിക്കുക. ആയിരക്കണക്കിന് ഭക്തജനങ്ങൾ നിറഞ്ഞ ക്ഷേത്രാങ്കണം ഈ സമയം ശോകമൂകമാകും. പ്രൗഢിയോടെ എന്നാൽ അടക്കിപിടിച്ച വികാരവായ്പോടെ വടക്കേ ഗോപുരം വരെ പോയി മകനെ യാത്രയാക്കി തിരിച്ചെഴുന്നള്ളുന്ന കാഴ്ച ഭക്തരെ കണ്ണീരണിയിക്കും. അഷ്ടമി വിളക്കിന് ശേഷം ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നള്ളുന്നതോടെ അഷ്ടമി ദിവസത്തെ പൂജകൾ പൂർത്തിയാകും.