ashtami

കോട്ടയം: കണക്കിലുള്ള എല്ലാകൊമ്പൻമാരെയും ജില്ലയിൽ കണ്ടെത്താൻ വനം വകുപ്പിന് സാധിച്ചില്ല. ഉത്സവ സീസണിന്റെ തുടക്കമായതിനാൽ കൊമ്പന്മാരിൽ പലതും ജില്ലയ്‌ക്ക് പുറത്തായതാണ് ജില്ലയിലെ കണക്കുപുസ്‌തകത്തിൽ പെടാതെ പോയത്. ഇന്നലെ ജില്ലയിൽ 65 ആനകളാണ് ഉണ്ടായിരുന്നത്. ജില്ലയിലെ 45 ആനകളും, മറ്റു ജില്ലകളിൽ നിന്ന് ഉത്സവത്തിനായി എത്തിച്ച 20 എണ്ണവും. കോട്ടയം ജില്ലയിൽ 89 നാട്ടാനകളുണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. നാട്ടാനകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി വനം വകുപ്പ് സംസ്ഥാന വ്യാപകമായാണ് ഇന്നലെ സെൻസസ് നടത്തിയത്.

നാട്ടാന പരിപാലനത്തിനുള്ള ചട്ടങ്ങൾ സുപ്രീം കോടതി നേരത്തെ കർക്കശമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ വനവത്കരണ വിഭാഗം ഇന്നലെ സംസ്ഥാന വ്യാപകമായി സെൻസസ് നടത്തിയത്. പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന കൊമ്പന്റെ വിവരങ്ങൾ ശേഖരിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. ആനയ്ക്ക് ഘടിപ്പിച്ചിട്ടുള്ള മൈക്രോചിപ്പ്, പൊക്കം, കൊമ്പിന്റെ നീളവും വണ്ണവും എന്നിവ അടക്കമുള്ള വിവരങ്ങളാണ് ശേഖരിച്ചത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയായിരുന്നു സെൻസസ്. കോട്ടയം ജില്ലയിൽ വനം വകുപ്പിന്റെ 11 സ്ക്വാഡുകൾ സെൻസസിൽ പങ്കെടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം. പി. സഞ്ജയൻ , കെ. എസ് ചന്ദ്രൻ, എം.എസ് സുരേഷ് കുമാർ എന്നിവർ നേത്യത്വം നല്കി. വൈക്കം തെക്കേ നട ആന സ്നേഹി സംഘം കണക്കെടുപ്പിന് സൗകര്യം ഒരുക്കിക്കൊടുത്തു. എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എസ് രവീന്ദ്രനാഥ്, അസിസ്റ്റന്റ് ട്രഷറർ ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.

വൈക്കത്തും പരിശോധന

അഷ്ടമി എഴുന്നള്ളത്തുകൾക്കായി കേരളത്തിലെ പേരെടുത്ത 14 ആനകൾ ഇന്നലെ വൈക്കത്തുണ്ടായിരുന്നു. 9 ആനകളുടെ കണക്കെടുപ്പ് ക്ഷേത്രത്തിനകത്ത് വച്ചും 5 എണ്ണത്തിന്റേത് പുറത്ത് വച്ചും നടത്തി. ഇത്തിത്താനം വിഷ്ണുനാരായണൻ, മധുര പുറം കണ്ണൻ, ഉഷശ്രീ ദുർഗപ്രസാദ്, നടയ്ക്കൽ ഉണ്ണികൃഷ്ണൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി, തിരുനക്കര ശിവൻ, തിരുവമ്പാടി അർജുനൻ, ഉണ്ണിപ്പിള്ളി ഗണേശൻ, പീച്ചിയിൽ ശ്രീമുരുകൻ എന്നീ ആനകളാണ് ക്ഷേത്രത്തിൽ ഉണ്ടായിരുന്നത്.