കോട്ടയം: ജില്ലയിലെ കുടുംബശ്രീ സ്‌കൂൾ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കമാകും. വൈക്കം എസ്.എൻ.ഡി.പി ഹാളിൽ സി.കെ ആശ എം.എൽ.എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.

സ്ത്രീ ശാക്തീകരണത്തിൽ മറ്റു സംസ്ഥാനങ്ങൾക്കു കൂടി മാതൃകയായി മാറിയ കുടുംബശ്രീ സംവിധാനം ഔദ്യോഗികമായി നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ട് പൂർത്തിയാവുകയാണ്. പ്രവർത്തന മേഖലയിലെ വൈവിദ്ധ്യവും വനിതാ സംരംഭങ്ങളിലൂടെയുള്ള സ്ത്രീ ശാക്തീകരണവും സ്ത്രീകൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള അവസരവുമൊരുക്കിയതാണ് കുടുംബശ്രീ പ്രസ്ഥാനത്തെ ജനകീയമാക്കിയത്. ഈ സാഹചര്യത്തിൽ സമൂഹ്യാധിഷ്ഠിത സംഘടനയ്ക്ക് കൂടുതൽ കരുത്ത് പകരാനും പുതിയ ദിശാബോധം നൽകുന്നതിനുമായി ലക്ഷ്യമിട്ട് തുടക്കം കുറിച്ച കുടുംബശ്രീ സ്‌കൂളിന്റെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് കുടുംബശ്രീ സംസ്ഥാന മിഷന്റെ പദ്ധതി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് ആകെ 42 ലക്ഷം ആളുകൾ ഈ പഠനപ്രക്രിയയിൽ പങ്കാളികളാകും. അയൽക്കൂട്ടാംഗങ്ങൾക്ക് കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അവബോധം പകരുകയാണ് സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി 7 അദ്ധ്യായങ്ങളും 4 അനുബന്ധങ്ങളുമുള്ള പുസ്തകവും ഒരുക്കിയിട്ടുണ്ട്. 7 അയൽക്കൂട്ടങ്ങൾക്ക് ഒരു റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിലാവും ക്ലാസ്സുകൾ ഒരുക്കുക. 6 ആഴ്ചകൾ കൊണ്ട് പരിശീലനം പൂർത്തീകരിക്കും. കോട്ടയം ജില്ലയിൽ 15,263 അയൽക്കൂട്ടങ്ങളിലായി 2,36,423 അംഗങ്ങൾ പദ്ധതിയുടെ ഭാഗമാകുമെന്ന് ജില്ലാ മിഷൻ കോ- ഒാർഡിനേറ്റർ പി.എൻ സുരേഷ് പറഞ്ഞു.

.