വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം ക്ഷേത്രത്തിന് കിഴക്കു ഭാഗത്തുള്ള ആറാട്ടു കുളത്തിലാണ് നടക്കുക. ആറാട്ടിനായി വൈകിട്ട് 5 ന് വൈക്കത്തപ്പനെ എഴുന്നള്ളിക്കും. വിശേഷാൽ പൂജകൾക്ക് ശേഷമാണ് ആറാട്ടെഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പ് ക്ഷേത്രത്തിന് ഒരു വലം വച്ച ശേഷം കൊടിമരച്ചുവട്ടിൽ പാർവതി ദേവിയോട് യാത്ര ചോദിച്ച ശേഷം ഉദയനാപുരത്തേക്ക് എഴുന്നള്ളും. ആറാട്ടിന് ശേഷം ഉദയനാപുരം ക്ഷേത്രത്തിൽ വൈക്കത്തപ്പനെയും ഉദയനാപുരത്തപ്പനേയും ഒരേ പീഠത്തിലിരുത്തി കൂടിപ്പൂയും തുടർന്ന് കൂടിപ്പൂജ വിളക്കും നടക്കും.