കോട്ടയം: കോട്ടയം ഹോൾസെയിൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് സ്റ്റോഴ്സ് (കൽപ്പക) സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടൽ ഭീഷണിയിൽ. ഒരു വർഷമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജോ.രജിസ്ട്രാറിന്റെ കീഴിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണെങ്കിലും സ്ഥാപനത്തെ കരകയറ്റാനുള്ള ശ്രമങ്ങളില്ലെന്നും ജീവനക്കാർ ആരോപിച്ചു.
പ്രതിദിനം 3 ലക്ഷം രൂപ വരെ വരുമാനമുണ്ടായിരുന്ന സൂപ്പർ മാർക്കറ്റ് ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരുനക്കരയിലെ സൂപ്പർമാർക്കറ്റിന് പുറമേ എട്ട് ബ്രാഞ്ചുകൾ കൂടി തുടങ്ങിയതാണ് നഷ്ടത്തിന് കാരണമെന്നാണ് ആരോപണം. ഒമ്പത് സ്ഥിരം ജീവനക്കാരും 19 താത്ക്കാലിക ജീവനക്കാരുമുണ്ട്. സാധനങ്ങൾ വാങ്ങിവിക്കാൻ കഴിയാത്തതിനാൽ ഒരുവർഷമായി ജീവനക്കാർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. കോട്ടയം, പുതുപ്പള്ളി, നാമ്പടം എന്നിവിടങ്ങളിൽ സ്വയം സേവന വിഭാഗങ്ങളും പാമ്പാടി, പാലാ, മുട്ടമ്പലം എന്നിവിടങ്ങളിൽ കൺസ്യൂമർ സ്റ്റോറും പ്രവർത്തിക്കുന്നുണ്ട്. കൽപ്പക മെഡിക്കൽ, ജൗളി വിഭാഗങ്ങളും നഷ്ടത്തിലാണ്. സ്ഥാപനത്തിന്റെ അവസ്ഥകാണിച്ച് മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, സഹകരണ സംഘം രജിസ്ട്രാർ, ജോയിന്റ് രജിസ്ട്രാർ, ലേബർ ഓഫീസർ, എന്നിവർക്ക് നിവേദനം നൽകിയിട്ടും യാതൊരു സഹായവും ഇതുവരെയും ലഭിച്ചിട്ടില്ല. സ്ഥാപനത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് ശമ്പളകുടിശിക തീർക്കണമെന്ന് ജീവനക്കാരായ ഉഷാകുമാരിയമ്മ എം.ബി, എസ്.ബാബു, വി.ജെ മത്തായി, ജ്യോതിലക്ഷ്മി, ജോർജ്ജ് വി കുരുവിള എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.