കോട്ടയം: യുവതീയുവാക്കൾക്ക് വിവാഹപൂർവ കൗൺസലിംഗ് നൽകേണ്ടത് അനിവാര്യമാണെന്നും വനിതാ കമ്മിഷന്റെ നേതൃത്വത്തിൽ കൗൺസലിംഗ് ക്ളാസുകൾ സംഘടിപ്പിക്കുമെന്നും അംഗം ഇ.എം.രാധ പറഞ്ഞു.വർഷത്തിൽ നാല് ക്ലാസുകൾ വീതം നടത്താനാണ് തീരുമാനം. സൈക്കോളജി, കുടുംബ ബഡ്ജറ്റിംഗ്, സൈബർ നിയമങ്ങൾ, ആശയ വിനിമയം തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. വിവാഹിതരാകുന്നതിന് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിംഗിൽ രാധ പറഞ്ഞു.

ജോലി സ്ഥലത്ത് സഹപ്രവർത്തകർ മാനസികമായും ശാരീകമായും പീഡിപ്പിക്കുന്നതായി സർക്കാർ ജീവനക്കാരി നൽകിയ പരാതിയിൽ മേലുദ്യോഗസ്ഥനിൽ നിന്നും കമ്മിഷൻ റിപ്പോർട്ടുതേടി. സബ് രജിസ്ട്രാർ ഓഫീസിലെ രണ്ട് വനിതാ ലൈസൻസികൾ തമ്മിലുള്ള വഴക്ക് സംബന്ധിച്ച പരാതിയിലും റിപ്പോർട്ടാവശ്യപ്പെട്ടു. ഭർത്താവ് തടങ്കലിൽ വയ്ക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന രണ്ടു കുട്ടികളുടെ മാതാവായ യുവതി നൽകിയ പരാതി പൊലീസിന് കൈമാറി. മൂന്നാമത് വിവാഹം ചെയ്ത എഴുപത്തിയഞ്ചുകാരനെതിരെയുള്ള പരാതിയിൽ എതിർകക്ഷി ഹാജരായില്ല. കമ്മിഷനംഗം ഇ.എം.രാധ, ഡയറക്ടർ പി.യു കുര്യാക്കോസ്, അഭിഭാഷകരായ സി.എ.ജോസ്, സേതുലക്ഷ്മി, ഷൈനിഗോപി എന്നിവർ ചേർന്ന് നടത്തിയ അദാലത്തിൽ പരിഗണിച്ച 80 പരാതികളിൽ 27 എണ്ണം തീർപ്പാക്കി. 11 പരാതികൾ പൊലീസിന് കൈമാറി. 42 പരാതികൾ 28ന് നടക്കുന്ന അടുത്ത സിറ്റിംഗിൽ പരിഗണിക്കും.