കോട്ടയം: തണുത്ത ഡിസംബർ രാവുകളിൽ ഒടിയനും യന്തിരനുമൊക്കെ ക്രിസ്മസ് പ്രഭചൊരിയും. പഴയതാരങ്ങളായ ജിമിക്കിയും കമ്മലും പുലിമുരുകനുമൊക്കെ പുറമെയാണിത്. 30 മുതൽ ആറുനൂറുവരെ രൂപ വിലയുള്ള നക്ഷത്രങ്ങളാണ് വിപണിയിലുള്ളത്. പരമ്പരാഗത രീതിയിലുള്ള നക്ഷത്രത്തിനാണ് 30രൂപ. എൽ.ഇ.ഡി. ലൈറ്റുകൾ ചേർന്ന് ആരുമൊന്ന് നോക്കിപ്പോകുംവിധത്തിലുള്ളവയ്ക്ക് വിലകൂടും. നക്ഷത്രക്കടയിൽ ഇക്കുറി നേരത്തെ തിരക്കായി. ഒടിയൻ, യന്തിരൻ 2, തീവണ്ടി തുടങ്ങി മലയാളി മനസ് കീഴടക്കിയ പേരുകളാണ് നക്ഷത്രങ്ങൾക്കും.
ക്രിസ്മസ് കാർഡുകൾക്ക് പഴയ പോലെ ഡിമാൻഡില്ലെങ്കിലും ചോദിച്ചെത്തുന്നവരുണ്ട്. എന്നാൽ നക്ഷത്രം വാങ്ങാൻ കുടുംബസമേതമാണ് ഭൂരിഭാഗം പേരും എത്തുന്നത്.
'' പ്രളയത്തെ അതിജീവിച്ചതിന്റെ തെളിവാണ് ഇവിടെയെത്തുന്ന ആളുകളുടെ തിരക്ക്. കഴിഞ്ഞ വർഷം ഈ സമയത്തുണ്ടായതിനേക്കാൾ ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്. വെറൈറ്റിയാണ് എല്ലാവർക്കും വേണ്ടത് '- സമീർ, കടയുടമ.