aat

കോട്ടയം: നീലക്കുറിഞ്ഞി പൂത്തപോലെ മാസങ്ങൾക്ക് മുമ്പ് പോളപ്പൂക്കളാൽ കാഴ്ചക്കാർക്ക് വിസ്മയ വിരുന്നൊരുക്കിയ ചങ്ങനാശേരി എ.സി കനാലിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ മനംപുരട്ടും. പോളപ്പൂക്കൾ ചീഞ്ഞഴുകി വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും നിറഞ്ഞ് പ്രദേശവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണിവിടം. ചങ്ങനാശേരി എ.സി കനാലിൽ കിലോമീറ്ററുകളോളം പോളപ്പൂവുകൾ പൂത്തുലഞ്ഞ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദൂരദേശങ്ങളിൽ നിന്നു പോലും എ.സി കനാലിലെ പോള വസന്തം കാണാനും സെൽഫിയെടുക്കാനും ആളുകൾ എത്തിയിരുന്നു. എന്നാൽ പ്രളയശേഷം പോളപ്പൂക്കൾ വാടിയതോടെ പഴയ മാലിന്യവാഹിനിയായി കനാൽ മാറി. ഇവിടുത്തെ വെള്ളം പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചങ്ങനാശേരി നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും ആവണിത്തോട്ടിലൂടെ കനാലിൽ ഒഴുകിയെത്തുകയാണ്.

കേരളത്തിന്റെ ടൂറിസം മാപ്പിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങൾ ചെലവഴിച്ച് എ.സി കനാലിന് മിഴിവേകാൻ നടപ്പാക്കിയ മനക്കച്ചിറ ടൂറിസം പദ്ധതിയും പാഴായി. പവലിയൻ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ, അലങ്കാരവിളക്കുകൾ , ആകർഷകമായ ചുറ്റുമതിലുകൾ തുടങ്ങി ചങ്ങനാശേരിയിൽ നിന്ന് ഒരു കിലോമീറ്ററോളം നീളത്തിൽ എ.സി കനാലിന്റെ ഇരുഭാഗങ്ങളിലുമായി നടത്തിയ സൗന്ദര്യവത്ക്കരണങ്ങളെല്ലാം നശിച്ചു. ടൈലുകളെല്ലാം തകർന്നു. ചുറ്റുമതിലിൽ ഉറപ്പിച്ചിരുന്ന കമ്പികൾ സാമുഹ്യവിരുദ്ധർ ഇളക്കിക്കൊണ്ടുപോയി. കനാലിന്റെ മദ്ധ്യഭാഗത്തായി സ്ഥാപിച്ച വിശ്രമകേന്ദ്രം കാടുകയറി നശിച്ചു.

ഒരു വർഷം മുമ്പ് സി.എഫ്.തോമസ് എം.എൽ.എ യുടെ നിർദ്ദേശപ്രകാരം 11.66 ലക്ഷം മുടക്കി ഇറിഗേഷൻ വകുപ്പ് പോള നീക്കം ചെയ്തിരുന്നു. തുടർസംരക്ഷണമില്ലാതെ വന്നതോടെയാണ് വീണ്ടും പോള കയറിയത്. ഓണാഘോഷത്തിന്റെ ഭാഗമായി എ.സി കനാലിൽ നേരത്തെ നടത്തിയിരുന്ന വള്ളംകളിയും കുറച്ചു വർഷങ്ങളായി നടക്കുന്നില്ല. കനാലിൽ പെഡൽ ബോട്ടുകളെത്തിക്കുമെന്ന ടൂറിസം വകുപ്പിന്റെ പ്രഖ്യാപനവും നടപ്പായില്ല.

ഇപ്പോൾ ആട് വളർത്തൽ കേന്ദ്രം

കാട് കയറിയ മനക്കച്ചിറയിലേക്ക് ആരും തിരിഞ്ഞു നോക്കാതായതോടെ കനാലിനോട് ചേർന്ന് സഞ്ചാരികൾക്കായി നിർമ്മിച്ച വിശ്രമകൂടാരത്തിൽ പ്രദേശവാസികൾ ഇപ്പോൾ ആടുകളെയും മറ്റും വളർത്തുകയാണ്. ചുറ്റുമതിൽ തുണി വിരിക്കാൻ ഉപയോഗിക്കുന്നു.

മലയോര മേഖലയെയും കുട്ടനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്വപ്‌നപദ്ധതിയായ മനയ്ക്കച്ചിറ ടൂറിസം പദ്ധതി 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് വിവിധ ഘട്ടങ്ങളിലായി 80 ലക്ഷം രൂപയുടെ സൗന്ദര്യവത്ക്കരണമാണ് നടത്തിയത്.

'' മനക്കച്ചിറ ടൂറിസം കേന്ദ്രത്തിന്റെ നിലവിലെ അവസ്ഥ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. കോട്ടയം ഡി.ടി.പി.സി യുടെ നേതൃത്വത്തിൽ കേരളത്തിലെ ഏറ്റവും ആകർഷകമായ ടൂറിസം കേന്ദ്രമാക്കി മനക്കച്ചിറയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകിയിട്ടുണ്ട്. ''

സി.എഫ്.തോമസ് എം.എൽ.എ