fire

തിരുവനന്തപുരം: വൻകിട പ്ളാസ്റ്റിക് നിർമ്മാണ, കയറ്റുമതി സ്ഥാപനമായ ഫാമിലി പ്ളാസ്റ്റിക്കിൽ ഇന്നലെ വൈകിട്ടുണ്ടായ വൻ അഗ്നിബാധ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അണച്ചു. ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും 12 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീയണച്ചത്. നിർമ്മാണ യൂണിറ്റും ഗോഡൗണും പൂർണമായും കത്തി നശിച്ചു. 500 കോടിയുടെ നാശനഷ്ടം കണക്കാക്കുന്നുവെന്ന് ഫാമിലി പ്ലാസ്റ്റിക്സ് അധികൃത‌‌ർ അറിയിച്ചു. അതേസമയം, സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്സ് മേധാവി ഡി.ജി.പി എ. ഹേമചന്ദ്രൻ അറിയിച്ചു. പൊലീസും ഫയർ ഫോഴുസും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കഴക്കൂട്ടം മേനംകുളത്തിനടുത്തുള്ള മൺവിള വ്യവസായമേഖലയിലെ പ്ളാസ്റ്റിക് ഗൃഹോപകരണ നിർമ്മാണ സ്ഥാപനമായ ഫാമിലി പ്ളാസ്റ്റിക്കിൽ തീപിടിത്തമുണ്ടായത്. വ്യവസായമേഖലയിലെ നാല് സൈറ്റുകളിലായി പടർന്നുകിടക്കുന്ന ഫാക്ടറിയിലെ ഗോഡൗണിലാണ് തീ ആദ്യം കണ്ടത്. കനത്തപുക ഉയരുന്നതുകണ്ട നാട്ടുകാരാണ് കമ്പനി ജീവനക്കാരെയും ഫയർ, പൊലീസ് വിഭാഗങ്ങളെയും അറിയിച്ചത്.

450 ഓളം ജീവനക്കാർ പണിയെടുക്കുന്ന സ്ഥാപനത്തിൽ പകൽഷിഫ്റ്റ് കഴിഞ്ഞ് രാത്രി ഷിഫ്റ്റിലേക്ക് ജീവനക്കാർ മാറുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഉടൻ ജീവനക്കാരെ പൂർണ്ണമായും മാറ്റാനായതിനാൽ വൻ ദുരന്തം ഒഴിവായി. ബംഗാൾ സ്വദേശി ജയറാം രഘു(18)ആണ് പുക ശ്വസിച്ച് അബോധാവസ്ഥയിലായത്. ജയറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ജയറാമിനെ കൂടാതെ മറ്റൊരാളെയും പുക ശ്വസിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസംമുമ്പും ഇവിടെ ചെറിയ തോതിൽ തീപിടിത്തമുണ്ടായിരുന്നു.