കോട്ടയം: ക്ലോസറ്റിൽ ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയെന്ന പരാതിയിൽ അംഗൻവാടി ഹെൽപ്പർക്കെതിരെ പൊലീസ് കേസെടുത്തു. വേളൂർ പതിനാറിൽ ചിറയിലെ 126 ാം അംഗൻവാടിയിലെ ഹെൽപ്പറും ചന്തക്കടവ് സ്വദേശിനിയുമായ യുവതിക്കെതിരെയാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കി.
കുട്ടി ക്ലാസ് മുറിയിൽ പ്രാഥമിക കൃത്യം നിർവഹിച്ചതിൽ ഇതിൽ ക്ഷുഭിതയായ ഹെൽപ്പർ ക്ലോസറ്റ് കഴുകുന്ന ബ്രഷ് ഉപയോഗിച്ച് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. കുട്ടിയ്ക്ക് സ്വകാര്യ ഭാഗത്ത് മുറിവേൽക്കുകയും അണുബാധ ഉണ്ടാവുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് ഹെൽപ്പറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം ജാതി പ്രശ്നത്തിൽ യുവതിയെ അംഗൻവാടിയിൽ നിന്നു പുറത്താക്കാൻ ഒരു വിഭാഗം വ്യാജ പരാതിയുമായി എത്തിയതാണെന്നും ആരോപണമുണ്ട്.