ig-sreejith

പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാൾ പൂജകൾക്കായി ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വൻ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിന് മുന്നോടിയായി കാതലയാ മാറ്റങ്ങൾ സേനയിലും നടന്നു കഴിഞ്ഞു. പമ്പയിലെ സുരക്ഷാ ചുമതലയിൽ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി എന്നതാണ് ഇതിൽ ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാൻ ശ്രമം നടന്നത് ശ്രീജിത്തിന്റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് ശ്രീജിത്ത് നടത്തിയ പരാമർശങ്ങൾ സർക്കാരിന്റെ അതൃപ്‌തിക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

സന്നിധാനത്ത് ദർശനത്തിനിടെ ശ്രീജിത്ത് കരയുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലാവുകയും ചെയ്‌തതോടെ ഐ.ജിയെ മാറ്റണമെന്ന ആവശ്യം സി.പി.എം നേതൃത്വത്തിലും ചർ‌ച്ചയായി. ഭക്തനായ ഐ.ജിയെ സുരക്ഷാ ചുമതല ഏൽപ്പിക്കുന്നത് സുപ്രീം കോടതി വിധിയുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വിമർശം ഏൽക്കേണ്ടിവരുമെന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, എല്ലാ ജില്ലകളിലും പരമാവധി പൊലീസിനെ ഉൾപ്പെടുത്തി സുരക്ഷാ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. എവിടെയെങ്കിലും തീർത്ഥാടകരെയോ വാഹനങ്ങളെയോ തടയുന്ന സാഹചര്യമുണ്ടായാൽ കർശന നടപടി സ്വീകരിക്കാനും മേഖലാ എ.ഡി.ജി.പിമാർ, റെയ്ഞ്ച് ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ലോക്‌നാഥ് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിനായിരിക്കും പമ്പയിൽ ക്രമീകരണങ്ങളുടെ പൂർണചുമതല. സ്ത്രീകളെ തടയാനുള്ള ശ്രമമുണ്ടായാലും കർശനമായി നേരിടാനാണ് തീരുമാനം. സന്നിധാനത്ത് ഐ.ജി. പി.വിജയനാണ് ചുമതല.