k-sudhakaran

കാസർകോട്: രാജ്യത്തെ ഭക്തജനങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കാൻ ആത്മാർത്ഥമായാണ് കോൺഗ്രസ് നേതാവ് കെ. സുധാകരൻ സമരത്തിനിറങ്ങുന്നതെങ്കിൽ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു രംഗത്തിറങ്ങുന്നതാണ് ഉചിതമെന്ന് ബി.ജെ.പി നേതാവ് നളിൻ കുമാർ കട്ടീൽ എം.പി പറഞ്ഞു.

ആചാരങ്ങൾ ലംഘിക്കണമെന്നാണ് ഏറ്റവും ഒടുവിൽ രാഹുൽ ഗാന്ധിയുടെ ആഹ്വാനം. രാഹുൽ ഗാന്ധിയുടെ നിർദ്ദേശം അനുസരിക്കാൻ കെ. സുധാകരൻ ബാദ്ധ്യസ്ഥനല്ലേ?. ആത്മാഭിമാനമുള്ള കോൺഗ്രസുകാർ ഇപ്പോൾ ബിജെപിയിൽ അണിചേരുകയാണ്.

എൻ.ഡി.എ നേതൃത്വത്തിൽ എട്ടിന് ആരംഭിക്കുന്ന രഥയാത്രയുടെ സംഘാടകസമിതി ഉദ്ഘാടനം ചെയുകയയിരുന്നു നളിൻകുമാർ കട്ടീൽ.

ശബരിമലയെ തകർക്കാൻ വേണ്ടി മാത്രം അധികാരത്തിലേറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നത്. ഉത്തരം മുട്ടുമ്പോൾ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസിലാക്കണം. കേരളം നഷ്ടപെട്ടാൽ കുത്തിയിരിക്കാൻപോലും സ്ഥലമുണ്ടാവില്ല.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി. നായിക്, സംസ്ഥാന സമിതി അംഗങ്ങളായ രവീഷ് തന്ത്രി കുണ്ടാർ , അഡ്വ.വി. ബാലകൃഷ്ണൻ ഷെട്ടി , ജില്ലാ വൈസ് പ്രസിഡന്റ് എം ജനനി , അഡ്വ സദാനന്ദ റൈ, എ.കെ. കയ്യാർ, വി. കുഞ്ഞിക്കണ്ണൻ ബലാൽ , എം ബാലരാജ് , ജി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ സ്വാഗതവും സംസ്ഥാന സമിതി അംഗം പി. സുരേഷ് കുമാർ ഷെട്ടി നന്ദിയും പറഞ്ഞു.