തിരുവനന്തപുരത്ത് കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ അക്രമത്തിന് പിന്നിൽ ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന് ആരോപിക്കുന്നവർ സമാനമായ മുൻ കേസുകളിൽ ഉൾപ്പെട്ട പ്രതികളെ പിടിക്കാനായോ എന്ന് ചോദിച്ച് കെ.എം. ഷാജഹാൻ. കഴിഞ്ഞ വർഷം ജനുവരിയിൽ തലശ്ശേരിയിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിക്കുന്ന പൊതുയോഗത്തിന് നേരേ നാടൻ ബോംബേറ് നടന്നിരുന്നു. ഈ സംഭവത്തിൽ ആറ് പ്രതികളെ തിരിച്ചറിഞ്ഞെന്നും അവർ ബി.ജെ.പി പ്രവർത്തകരാണെന്നും നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ബോംബേറ് നടന്നിട്ട് 22 മാസം കഴിഞ്ഞിട്ടും ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന് സമാനമാണ് കഴിഞ്ഞ വർഷം ജൂണിൽ കോഴിക്കോട്ടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്. കണാരൻ മന്ദിരത്തിനെതിരെ ബോംബേറുണ്ടായത്. അന്നത്തെ സംഭവത്തിൽ ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററെ വധിക്കാൻ ആർ.എസ്.എസ് നടത്തിയ ഹീനമായ ആക്രമണമാണ് നടന്നതെന്ന് സി.പി.എം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഈ ആക്രമണ കേസിലും ഒരൊറ്റ പ്രതിയെ പോലും ഇത് വരെ പിടികൂടിയിട്ടില്ലെന്നും കെ.എം. ഷാജഹാൻ ചൂണ്ടിക്കാട്ടുന്നു.
കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ ആക്രമണം കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് നടന്നത് സന്ദീപാനന്ദഗിരിയെ ഇല്ലായ്മ ചെയ്യാനുള്ള ബി.ജെ.പി ആർ.എസ്.എസ് ശ്രമമായിരുന്നു ആക്രമണം എന്നായിരുന്നു പിണറായി വിജയനും സി.പി.എമ്മും ആരോപിച്ചിരുന്നത്. എന്നാൽ ആക്രമണം നടന്നുകഴിഞ്ഞിട്ട് ഇത് വരെ പ്രതികളെ ആരെയും പിടിക്കാനായിട്ടില്ല. ബി.ജെ.പി ആർ.എസ്.എസിനെതിരെയുള്ള പിണറായി സർക്കാരിന്റെ ശക്തമായ പോരാട്ടം ഇത് പോലെ അതിശക്തമായി ഭാവിയിലും തുടരും എന്ന് നമുക്ക് പ്രത്യാശിക്കാം എന്ന് കെ.എം. ഷാജഹാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു.