manvila-fire

1. തിരുവനന്തപുരം മൺവിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച എന്ന് കണ്ടെത്തൽ. തീ അണക്കാൻ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല വിവരം. ഫാക്ടറിയിൽ ഉണ്ടായിരുന്നത് അഗ്‌നി ബാധ ഉണ്ടായാൽ ഉപയോഗിക്കാനായി അഗ്‌നി ശമന ഉപകരണങ്ങൾ മാത്രം. ഇവിൽ മിക്കവയും അടുത്തിടെ നടന്ന തീപിടിത്തം ചെറുക്കാൻ ഉപയോഗിച്ചവ ആയിരുന്നെന്നും കണ്ടെത്തൽ.


2. ഫാക്ടറി പ്രവർത്തിക്കുന്ന കെട്ടടിത്തിൽ തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിച്ചതും, വിവരം ഫയർ ഫോഴ്‌സിനെ അറിയിക്കാൻ വൈകയതും അഗ്‌നി ബാധ നിയന്ത്രിക്കുന്നതിൽ തിരിച്ചടിയായി. ഇന്നലെ രാത്രി ഏഴ് മണിയോടെ ആരംഭിച്ച തീ പൂർണ്ണമായും നിയന്ത്രണ വിധേയം ആയത് ഇന്ന് പുലർച്ചെ. എഴു മണിക്കൂർ നീണ്ടു നിന്ന തീ പിടിത്തത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണ്ണമായും കത്തി അമർന്നു. ആളപയാമില്ല. വിഷപ്പുക ശ്വസിച്ച് ബോധ രഹിതരായ രണ്ടുപേർ ആശുപത്രിയിൽ. അതേസമയം തീപിടിത്തതിൽ 500 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാകുന്നതായി കമ്പനി അധികൃതർ.


3. കഴിഞ്ഞ ദിവസവും ഫാക്ടറിയിൽ ഷോർട്ട് സർക്യൂട്ട് കാരണം തീപിടിത്തം ഉണ്ടായിരുന്നു. വീണ്ടു അപകടം ആവർത്തിച്ചതോടെ, സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. തീ പിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് ഫയർഫോഴ്‌സ് മേധാവി എ.ഹേമചന്ദ്രൻ. ഡയറക്ടർ ജനറൽ പ്രസാദിനാകും അന്വേഷണ ചുമതലയെന്നും പ്രതികരണം.


4. പൊലീസിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പോലും ജാതിയും മതവും പറഞ്ഞ് ആക്രമിക്കുന്നു. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുകയും ഇതിന് എതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.


5. നേരത്തെ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ചില കേന്ദ്രങ്ങൾ പ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ചുമതല ലഭിച്ച ഐ.ജി മനോജ് എബ്രാഹാമിന് എതിരെയാണ് വ്യാപകമായി ചിലർ പ്രചാരണങ്ങൾ നടത്തിയത്.


6. വിഷയത്തിൽ ഉദ്യോഗസ്ഥനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിന് 13 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ ഐ.ജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത ബി. ഗോപാലകൃഷ്ണൻ മനോജ് എബ്രാഹാമിനെ അധിക്ഷേപിച്ചത്, പൊലീസ് നായയെന്ന് വിളിച്ച്. മുഖ്യമന്ത്രി വിമർശനവുമായി രംഗത്തെത്തിയത് ഈ സാഹചര്യത്തിൽ.


7. റഫാൽ വിമാന ഇടപാടിന്റെ വിശദാംശങ്ങൾ പരസ്യപ്പെടുത്തണം എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും ഒളിച്ചു കളി തുടരാൻ കേന്ദ്ര തീരുമാനം. റഫാൽ വില പൂർണ്ണമായും പരസ്യപ്പെടുത്താനാകില്ല എന്ന് കേന്ദ്രം. അടിസ്ഥാന വില മാത്രമേ കോടതിയിൽ സമർപ്പിക്കാനാവൂ. വിശദ വിവരം വെളിപ്പെടുത്തുന്നത് ശത്രു രാജ്യങ്ങളെ സഹായിക്കും എന്ന് വിശദീകരണം. റഫാൽ വിശദാംശങ്ങൾ നൽകാൻ കേന്ദ്രത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചത് ഇന്നലെ.


8. വിമാനത്തിന്റെ വില ഉൾപ്പെടെ കരാറിലെ തന്ത്രപരവും രഹസ്യ സ്വഭാവമുള്ളതുമായ എല്ലാ വിവരങ്ങളും രഹസ്യ രേഖയായി 10 ദിവസത്തിന് അകം കൈമാറാനാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ വില സംബന്ധിച്ച കാര്യങ്ങൾ പാർലമെന്റിനെ പോലും അറിയിച്ചിട്ടില്ല എന്ന അറ്റോർണി ജനറലിന്റെ വാദത്തിന് വില കോടതിയോട് പോലും വെളിപ്പെടുത്താൻ ആകില്ലെങ്കിൽ അക്കാര്യം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇടപാടിൽ സി.ബി.ഐ അന്വേഷണം വേണം എന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.


9. ഇന്ത്യാവെസ്റ്റ് ഇൻഡീസ് അവസാന ഏകദിനത്തിന് ഒരുങ്ങി തിരുവനന്തപുരം. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം തുടങ്ങുന്നത്, ഇന്ന് ഉച്ചയ്ക്ക് 1.30ന്. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തി തുടങ്ങി. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ക്രിക്കറ്റ് പ്രേമികൾ പ്രതീക്ഷിക്കുന്നത് റൺമഴ. ഇന്ത്യയ്ക്ക് പ്രതീക്ഷയായി നായകൻ വിരാട് കൊഹ്ലി, രോഹിത് ശർമ്മ എന്നിവരുടെ മികച്ച ഫോം. ബൗളിംഗിൽ ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ് എന്നിവരും ഫോമിൽ. ഇന്നത്തെ മത്സരം ജയിക്കുകയോ സമനിലയിൽ ആകുകയോ ചെയ്താൽ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. വിൻഡീസ് ജയിച്ചാൽ പരമ്പര സമനിലയാകും. അതേസമയം, മഴ വില്ലനായി എത്തുമോ എന്ന ആശങ്കയിൽ ആരാധകർ.


10. പാചക വാതക വില വീണ്ടും വർധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടർ ഒന്നിന് 60 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് രണ്ട് രൂപ 94 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ജൂൺ മുതൽ തുടർച്ചയായി ആറാം തവണയാണ് പാചകവാതകത്തിന് വില കൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനയും രൂപയുടെ മൂല്യം താഴുന്നതുമാണ് വിലവർധനക്ക് കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ.