insult-ig-

തിരുവല്ല: ഐ.ജി മനോജ് എബ്രഹാമിനെതിരായ പൊലീസ് നായ പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്‌ണൻ രംഗത്ത്. പൊലീസ് നായ എന്ന പരാമർശം ജനാധിപത്യപരമാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ഒരിക്കലും അത് അവഹേളിക്കുന്ന വാക്കല്ലെന്നും പ്രയോഗത്തിലൂടെ മനോജ് എബ്രഹാമിന്റെ സമീപനത്തെയാണ് ചൂണ്ടിക്കാട്ടിയതെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ശബരിമല യുവതീപ്രവേശ വിഷയത്തിൽ എറണാകുളം റേഞ്ച് ഐ.ജി ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ മനോജ് ഏബ്രഹാമിനെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. ഇതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രധാനമന്ത്രി ഉൾപ്പടെ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതാക്കളെ സി.പി.എം മോശമായ രീതിയിൽ അവഹേളിച്ചിട്ടുണ്ടെന്നും ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. തനിക്കെതിരെ ചുമത്തിയ കേസ് നിലനിൽക്കില്ലെന്നും ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.