novel

യുവതി പെട്ടെന്നു നിന്നിട്ട് കാറിനു നേർക്കു നോക്കി. അതിന്റെ വെളിച്ചം അവളുടെ കണ്ണുകളിൽ പുളഞ്ഞിറങ്ങി.
ഒന്നും കാണാൻ വയ്യ.
എന്നാൽ ഗേറ്റിനുള്ളിലേക്കു കടന്നതും കാർ പെട്ടെന്നു നിന്നു.

അതിന്റെ ഡോർ ഒന്നു തുറന്നടഞ്ഞോ?
എൻജിൻ ഓഫായില്ല. ലൈറ്റുകൾ അണഞ്ഞില്ല....
യുവതിക്കു സന്ദേഹമായി. എന്തിനാണ് അനിരുദ്ധൻ സാർ കാർ അവിടെ നിർത്തിയത്? സാധാരണ വരുമ്പോൾ എത്രയും വേഗത്തിൽ പോർച്ചിൽ കൊണ്ടിടാറുള്ളതാണ്.
അസമയത്ത് വരുന്ന ആരെങ്കിലും തന്റെ ഗേറ്റിനുള്ളിൽ കാർ കിടക്കുന്നതു കണ്ടാൽ...

വാഴത്തോപ്പിൽ കാത്തുനിന്നിരുന്ന എസ്.ഐ വിജയയ്ക്കും സംഘത്തിനും ഉണ്ടായി അതേ സംശയം.
വിജയയുടെ കൈ റിവോൾവറിലേക്കു നീണ്ടു.
പിന്നിൽ ഒരു ചലനം.
വിജയ ഞെട്ടിത്തിരിഞ്ഞു.

എസ്.ഐ ബിന്ദുലാൽ ആണ്.
''എന്താ പ്രശ്നം വിജയേ?''
''അതാ എനിക്കും മനസ്സിലാകാത്തത്.''

കാറിന്റെ വെളിച്ചം വാഴത്തോപ്പിലേക്കും നീണ്ടുവരുന്നുണ്ടായിരുന്നു. അതിനാൽ അവർക്ക് അവിടെനിന്ന് അനങ്ങാനേ കഴിഞ്ഞില്ല.
കാറിനു പിന്നിൽ കനത്ത ഇരുട്ടുമാണ്.

വീടിനു മുന്നിൽ സംശയത്തോടെ നിന്നിരുന്ന യുവതി പെട്ടെന്ന് കാറിനടുത്തേക്കു പായുന്നതു കണ്ടു.
കാറിന്റെ ഡ്രൈവർ സീറ്റിന് അടുത്തെത്തിയ അവൾ തിടുക്കപ്പെട്ടു.

''അനിരുദ്ധൻ സാറേ... വേഗം വണ്ടി അകത്തേക്കു മാറ്റ്. ആരെങ്കിലും കണ്ടാൽ...''
അകത്തുനിന്ന് പ്രതികരണം കേട്ടില്ല. ആ ഭാഗത്തെ വിൻഡോ താഴ്ത്തിയിരിക്കുകയാണ്.

അവൾ അകത്തേക്കു തല കടത്തി.
''ങ്‌ഹേ?'' ഒരു ഞെട്ടൽ...
ഡ്രൈവർ സീറ്റിൽ ആരുമില്ല!
''അനിരുദ്ധൻ സാറേ...''

അവളുടെ പതറിയ ഒച്ച തൊണ്ടയിൽ കുരുങ്ങി.
പൊടുന്നനെ അവൾക്ക് പച്ച ചോരയുടെ ഗന്ധം അനുഭവപ്പെട്ടു.
അവൾ കോഡ്രൈവർ സീറ്റിലേക്കും പിന്നിലേക്കും നോക്കി.
കാറിന്റെ വെളിച്ചത്തിൽ അവ്യക്തമായി പിന്നിലെ കാഴ്ച കണ്ടു.
അവിടെ ഡോറിലേക്കു ചാരി ഒരാൾ ഇരിക്കുന്നു!

അവൾ ഡോർ തുറന്നു...
അടുത്ത നിമിഷം.
ഒരു ശരീരം അവളിലേക്കു ചാഞ്ഞു.
''അനിരുദ്ധൻ സാറേ...''

യുവതിയുടെ ഹൃദയം പിളരുന്ന അലർച്ച...
ഒപ്പം ഒരു വാഴത്തട പോലെ ബോധമറ്റ് അവൾ അവിടേക്കു വീണു. അവൾക്കു മീതെ അനിരുദ്ധന്റെ ശരീരവും....
''എന്തോ കുഴപ്പമുണ്ട് ബിന്ദുലാലേ.. വാ...''
വിജയ മുന്നിൽ ഓടി.
തൊട്ടുപിന്നാലെ ബിന്ദുലാലും.

വാഴത്തോപ്പിൽ ഉണ്ടായിരുന്ന മറ്റുള്ളവരും അവൾക്കൊപ്പം പാഞ്ഞെത്തി.
കാറിനടുത്തെത്തിയ വിജയ അവിടേക്കു ടോർച്ചു തെളിച്ചു.

യുവതിയുടെ പുറത്തേക്കു മറിഞ്ഞ നിലയിൽ അനിരുദ്ധന്റെ ചോരയൊലിക്കുന്ന മൃതദേഹം!
''വിജയേ...'' ഉദേഷ്‌കുമാർ പെട്ടെന്ന്അവളുടെ കരം കവർന്നു. ഇനി ഒരു നിമിഷം ഇവിടെ നിന്നുകൂടാ. ആരെങ്കിലും നമ്മളെ കണ്ടാൽ ഈ മർഡറിന് നമ്മൾ ഉത്തരം പറയേണ്ടിവരും.''

ഒട്ടും സമയം കളയാതെ അഞ്ചുപേരും റോഡിൽ ഇറങ്ങി. വന്ന വഴിയേ പാഞ്ഞു.
അടുത്ത ദിവസം.

വാർത്ത കാറ്റിന്റെ വേഗത്തിൽ പരന്നു. ആളുകൾ അനിരുദ്ധന്റെ മൃതദേഹം കിടന്നിരുന്ന ഭാഗത്തേക്ക് ഓടിക്കൂടി. അപ്പോഴേക്കും പോലീസും എത്തി.
നേരത്തെ മയക്കം ഉണർന്ന യുവതി തന്റെ വീടിനുള്ളിൽ കയറിയിരുന്നു.

തനിക്ക് ഒന്നും അറിയില്ലെന്നും രാവിലെയാണിത് കാണുന്നതെന്നും അവൾ ബുദ്ധിപൂർവ്വം പോലീസിനു മൊഴി നൽകി.
എന്നാൽ നാട്ടുകാരായ ചിലരെ ചോദ്യം ചെയ്ത സി.ഐ അലക്സ് എബ്രഹാമിന് അവരിൽനിന്ന് വേറെ ചില വിവരങ്ങൾ കിട്ടി.

അനിരുദ്ധൻ പല രാത്രികളിലും അവിടെ വരാറുണ്ടായിരുന്നെന്നും അത് ചോദ്യം ചെയ്ത ചിലരെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും....
യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു....

ഉച്ചയോടെ അനിരുദ്ധന്റെകൊലപാതകം ടിവി സ്‌ക്രീനുകളിൽ നിറഞ്ഞു.
അതോടൊപ്പം ചില ചാനലുകൾ തലേന്നു രാത്രിയിൽ അനിരുദ്ധൻ പറഞ്ഞ കാര്യങ്ങൾ അയാളുടെ ശബ്ദത്തോടൊപ്പം സംപ്രേഷണം ചെയ്തു.
ജനം ഞെട്ടി. വാർത്തയറിഞ്ഞ എസ്.ഐ വിജയയും ... കേരളത്തിൽ പുതിയൊരു സമരത്തിന്അത് കാരണമായി...(തുടരും)