sabarimala-

ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് തകർന്ന ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ കെട്ടിടങ്ങളും റോഡുകളും പുനർ നിർമ്മിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകി. വനഭൂമികളിൽ ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും. വനമേഖലയിൽ അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ശൗചാലയങ്ങൾ പോലുള്ള അത്യാവശ്യ സൗകര്യങ്ങൾ മാത്രം നിർമ്മിക്കാനേ ഇപ്പോൾ അനുമതിയുള്ളു.