കണ്ണൂർ: ഗുണ്ടകളെ ഇറക്കി ശബരിമലയിൽ ആക്ടിവിസ്റ്റുകളെ കയറ്റാൻ സി.പി.എം തീരുമാനിച്ചാൽ അവിടെ എന്തും സംഭവിക്കാമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. അത്തരമൊരു സാഹചര്യം കേരളത്തിൽ ഉണ്ടാക്കണോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലോചിക്കണം. ബുദ്ധിയുള്ള കമ്യൂണിസ്റ്റുകാരും അതേക്കുറിച്ച് ചിന്തിക്കണം. ശബരിമലയിൽ സ്ത്രീ നിരോധനം നടപ്പിലാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. ഒരു പ്രത്യേക പ്രായത്തിലെ സ്ത്രീകൾ ശബരിമല കയറുന്നത് നിയന്ത്രിക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്യണമെന്ന് മാത്രമാണ് പറയുന്നത്. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി സമാധാനവും ശാന്തിയും വിശ്വാസവും സംരക്ഷിക്കുന്നതിന് പകരം വിശ്വാസികളിൽ അരക്ഷിതാവസ്ഥ അടിച്ചേൽപ്പിക്കുകയാണ്. കേരളകൗമുദി ഫ്ളാഷിനോട് സംസാരിക്കവെയാണ് സുധാകരൻ ഇക്കാര്യം വ്യക്തമാക്കിയത്.
എടുത്ത് ചാടാനാവില്ല
കോൺഗ്രസിന് ഇത്തരം കാര്യങ്ങളിൽ എടുത്ത് ചാടാൻ കഴിയില്ല. കാരണം സെക്യുലറിസം നിലനിൽക്കുന്ന നാടാണ് ഇത്.
പക്ഷെ ഈ നാടിനകത്ത് വിശ്വാസം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ബാധ്യതയാണ്. പണ്ഡിറ്റ് ജവഹർലാൽ നെഹ്രു കോൺഗ്രസുകാരുടെ മനസിൽ ഊട്ടിയുറപ്പിച്ച സന്ദേശമാണിത്.
അത് സഹിഷ്‌ണുതയോടെ ഉൾകൊള്ളുകയും നടപ്പിലാക്കുകയും വേണം. ഭരണഘടനയിൽ ഇത് എടുത്ത് പറഞ്ഞിട്ടുമുണ്ട്. ഒരു വലിയ മതത്തിന്റെ വിശ്വാസം ഹനിക്കപ്പെടുമ്പോൾ അത് സംരക്ഷിക്കപ്പെടണം എന്ന് കോൺഗ്രസുകാർക്ക് ആരും പറഞ്ഞുതരേണ്ടതില്ല.
സി.പി.എം പിടിച്ചെടുക്കുന്നു
കോൺഗ്രസിന് വിശ്വാസികളുടെ കൂടെ നിൽക്കാനേ പറ്റൂ. കോൺഗ്രസിന്റെ രാഷ്ട്രീയ അസ്ഥിത്വം എന്ന് പറയുന്നത് എല്ലാ വിശ്വാസങ്ങളേയും എല്ലാ ആചാരങ്ങളേയും കോർത്തിണക്കി നിറുത്തുക എന്നതാണ്. നമുക്ക് രണ്ട് കണ്ണില്ല. മതങ്ങളെ ഒരു കണ്ണിൽകൂടി മാത്രമേ കോൺഗ്രസിന് കാണാൻ കഴിയൂ. കോടിയേരിക്കും സംഘത്തിനും മറ്റ് അജൻഡകൾ ഉണ്ട്. അതാണ് സുന്നി പള്ളിയെക്കുറിച്ചുള്ള പ്രതികരണങ്ങളിൽ കാണുന്നത്. ക്ഷേത്ര കമ്മിറ്റികളിൽ നേരത്തെ സി.പി.എമ്മുകാർ നിൽക്കാറില്ല. ഇപ്പോഴാകട്ടെ എല്ലാം പിടിച്ചെടുക്കുകയാണ്.
ക്ഷേത്രങ്ങൾ നന്നാക്കാനല്ല, നേരെ മറിച്ച് തകർക്കലാണ് ലക്ഷ്യം. അതിന്റെ തെളിവാണ് വിശ്വാസികൾ ഇത്രയധികം എത്തുന്ന ശബരിമലയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നത്. സുപ്രീംകോടതിയുടെ എത്ര ഉത്തരവുകൾ നടപ്പിലാക്കാൻ ബാക്കിയുണ്ട്.
മനസിൽ മുറിവുണ്ടാകും
എന്ത് പറഞ്ഞാലും ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുക. അതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയും സമവായത്തിനുമില്ല. അയ്യപ്പനെ കാണാൻ താത്പര്യമുള്ള യുവതികൾ മറ്റ് സ്ഥലങ്ങളിലെ അയ്യപ്പ ക്ഷേത്രത്തിൽ പോകട്ടെ. നൈഷ്ഠിക ബ്രഹ്മചാരിയെ കാണണമെന്ന് വാശി പിടിക്കുന്നത് കലാപം ഉണ്ടാക്കാൻ വേണ്ടി മാത്രമാണ്.
വിശ്വാസികളുടെ മനസിൽ മുറിവുണ്ടാക്കാൻ വേണ്ടി മാത്രമാണ്. തന്ത്രി ബ്രഹ്മചാരിയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് പിണറായി വിജയനല്ല. തന്ത്രിമാരെ അപമാനിക്കുക, പന്തളം കൊട്ടാരത്തെ അപമാനിക്കുക ഇതാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്.
മന്ത്രിമാർ എരിതീയിൽ എണ്ണയൊഴിക്കുന്നു
എരിതീയിൽ എണ്ണയൊഴിക്കുന്ന മാതിരി ഓരോ മന്ത്രിമാരും ഓരോ ദിവസം നടത്തുന്ന പ്രസ്താവനകൾ വിശ്വാസികളെ കൂടുതൽ വ്രണിത ഹൃദയരാക്കുകയാണ്. മുണ്ട് പൊക്കി നോക്കിയ പോലെയാണ് ഒരു മന്ത്രിയുടെ പ്രതികരണം. മന്ത്രിയായാൽ സാമാന്യ സംസ്‌കാരം വേണ്ടേ? ഇത്രയും പുകയുന്ന ഒരു വിഷയത്തിൽ ഈ മന്ത്രിമാർ പ്രവർത്തിക്കേണ്ടതും പ്രതികരിക്കേണ്ടതും ഇത്തരത്തിലാണോ?