sabarimala-

ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തിൽ ജനവികാരം മാനിച്ചാവണം കോടതിവിധിയെന്ന ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ നിലപാടിനെ തള്ളി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്ത്. വിധിയിൽ സുപ്രീം കോടതിയെ പഴിക്കാനാവില്ലെന്ന് ഉമാഭാരതി പറഞ്ഞു. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഉമാഭാരതി വ്യക്തമാക്കി.

കേരള സന്ദർശനത്തിനിടെ അമിത് ഷാ പറഞ്ഞത് കോടതിയെ സമീപിച്ചവരെ ഉദ്ദേശിച്ചാകും. എപ്പോൾ അമ്പലത്തിൽ പോകണമെന്നും പോവേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഉമാഭാരതി വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉമാഭാരതി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സന്ദർശനത്തിനിടെ ശബരിമല വിധിക്കെതിരെ അമിത് ഷാ രംഗത്തെത്തിയിരുന്നു. നടപ്പാക്കാൻ കഴിയുന്ന ഉത്തരവുകൾ മാത്രമേ കോടതികൾ പുറപ്പെടുവിക്കാവൂ എന്ന് ഷാ പറഞ്ഞിരുന്നു.സുപ്രീം കോടതിയുടെ നിരവധി വിധികളുണ്ട്. ആ വിധികളൊന്നും നടപ്പിലാക്കാൻ കാണിക്കാത്ത ആവേശം ശബരിമലയുടെ കാര്യത്തിൽ കാണിക്കുന്നതെന്തിനാണ്. കേരളത്തിൽ അടിയന്തരാവസ്ഥയേക്കാൾ ഭീകരമായിട്ടുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. അയ്യപ്പനിൽ വിശ്വാസമുള്ള അമ്മമാരും സഹോദരിമാരുമാണ് വിധിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. അവർക്കെതിരെയാണ് സർക്കാർ അടിച്ചമർത്തൽ നടത്തുന്നതെന്നും ഷാ പറഞ്ഞു.