ചെങ്ങന്നൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധക്കാരെ പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചാൽ മറുതന്ത്രം മെനയാൻ ഒരുങ്ങുകയാണ് സംഘപരിവാർ സംഘടനകൾ. സമരം പൊളിക്കാൻ സംസ്ഥാന വ്യാപകമായി ആയിരക്കണക്കിന് ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഭൂരിപക്ഷം പേർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചിരുന്നു.
എന്നാൽ ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസത്തേക്ക് നട തുറക്കുമ്പോൾ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ തുനിഞ്ഞാൽ സംസ്ഥാന വ്യാപകമായി സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് വരിപ്പിക്കാനാണ് സംഘപരിവാർ നീക്കം. ഇങ്ങനെ അറസ്റ്റിലാകുന്നവർ ജാമ്യത്തിലിറങ്ങാതെ ജയിലിൽ പോകും. സംസ്ഥാന വ്യാപകമായി ആയിരങ്ങൾ അറസ്റ്റ് വരിക്കുന്നതോടെ സർക്കാരും പൊലീസും വെട്ടിലാകും.
മാത്രമല്ല അറസ്റ്റിലായവരെ സംരക്ഷിക്കേണ്ട ബാദ്ധ്യതകൂടി സർക്കാരിന് ഏറ്റെടുക്കേണ്ടിവരും. ഇത് സേനയിലും പ്രതിസന്ധി സൃഷ്ടിക്കും. ആയിരക്കണക്കിന് പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാനും സംഘപരിവാർ പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ആർ.എസ്.എസിന്റെ മുതിർന്ന പ്രചാരകന്മാരും പരിവാർ സംഘങ്ങളുടെ സംസ്ഥാന നേതാക്കളുമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
സർക്കാർ അയ്യപ്പഭക്തരോട് കാട്ടുന്ന നിലപാട് തുറന്നുകാട്ടാൻ ഇന്ന് മുതൽ നാല് വരെ സംസ്ഥാന വ്യാപകമായി വീടുകൾ കയറിയിറങ്ങി ലഘുലേഖകൾ വിതരണം ചെയ്യും. 5ന് വൈകിട്ട് 4 മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ശബരിമല നട അടയ്ക്കുന്നതുവരെ നാമജപയജ്ഞം നടത്തും.
ശബരിമലയിലേക്ക് പ്രതിഷേധത്തിന് എത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകുന്നതിനും പത്തനംതിട്ടയിലേക്ക് ഇതിനോടകം ആർ.എസ്.എസിന്റെയും പരിവാർ സംഘടനകളുടെയും മുതിർന്ന നേതാക്കൾ എത്തിക്കഴിഞ്ഞു. ഇതോടൊപ്പം എൻ.എസ്.എസ് പ്രവർത്തകരും യുവതീ പ്രവേശനം തടയാൻ സന്നിധാനത്ത് എത്തുന്നുണ്ട്. എന്നാൽ പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ഒരുക്കുന്ന സംവിധാനങ്ങളെപ്പറ്റി ഉന്നത പൊലീസ് കേന്ദ്രങ്ങൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പ്രതിഷേധക്കാരെ എങ്ങനെ നേരിടുമെന്ന ചോദ്യവും പൊലീസിനുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നും പൊലീസിന്റെ സേവനം തേടിയിട്ടുണ്ട്.