തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് പ്രശസ്‌ത സാഹിത്യകാരൻ എം.മുകുന്ദൻ അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യ മേഖലയിൽ നൽകിയിട്ടുള്ള സമഗ്രസംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമാണ് എഴുത്തച്ഛൻ പുരസ്‌കാരം.
വാർത്താ സമ്മേളനത്തിൽ മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സാഹിത്യ അക്കാദമി ചെയർമാൻ വൈശാഖൻ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിർണയിച്ചത്. കഴിഞ്ഞ വർഷമാണ് എഴുത്തച്ഛൻ പുരസ്‌കാരത്തിന്റെ തുക ഒന്നര ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമായി ഉയർത്തിയത്.
1942 സെപ്‌തംബർ 10 ന് അന്ന് ഫ്രഞ്ച് കോളനിയായിരുന്ന മാഹി (മയ്യഴി) മുകുന്ദന്റെ ജനനം. 1961ൽ ആദ്യ കഥ പുറത്തുവന്നു. വീട്, നദിയും തോണിയും തുടങ്ങിയ ആദ്യകാല കഥകളിലൂടെ മലയാളത്തിൽ ശ്രദ്ധേയനായി. മയ്യഴിപ്പുഴയിടെ തീരങ്ങളിൽ എന്ന നോവലാണ് മുകുന്ദന്റെ ഏറ്റവും ശ്രദ്ധയമായ രചനയായി അറിയപ്പെടുന്നത്. ദൈവത്തിന്റെ വികൃതികൾ, ദൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ആദിത്യനും രാധയും മറ്റുചിലരും, ആവിലായിലെ സൂര്യോദയം, ആകാശത്തിന് ചുവട്ടിൽ, കിളിവന്നു വിളിപ്പോൾ, ഒരു ദളിത് യുവതിയുടെ കദനകഥ, ഈ ലോകം ഇതിലൊരു മനുഷ്യൻ, സീത, കേശവന്റെ വിലാപങ്ങൾ, നൃത്തം, പ്രവാസം തുടങ്ങിവയാണ് നോവലുകൾ.
വേശ്യകളേ നിങ്ങൾക്കൊരമ്പലം, അഞ്ചര വയസ്സുള്ള കുട്ടി, തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, തേവിടിശ്ശിക്കിളി, കള്ളനും പോലീസും, കണ്ണാടിയുടെ കാഴ്ച്ച, മുകുന്ദന്റെ കാഴ്ച്ച, റഷ്യ, പാവാടയും ബിക്കിനിയും, നഗരവും സ്ത്രീയും, എന്റെ രാവും പകലും തുടങ്ങി നിരവധി കഥകൾ മുകുന്ദന്റേതായി വ്യാപകമായി വായിക്കപ്പെട്ടവയാണ്. എന്താണ് ആധുനികത എന്ന പഠനസമാഹാരവും അദ്ദേഹം എഴുതി. പ്രവാസമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ രചന.
കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, മാതൃഭൂമി പുരസ്‌കാരം, ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഒഫ് ആർട്‌സ് ആന്റ് ലെറ്റേഴ്‌സ് ബഹുമതി, വയലാർ പുരസ്‌കാരം, എം പി പോൾ അവാർഡ്, എൻ വി പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ് തുടങ്ങിയ അംഗീകാരങ്ങളും മുകുന്ദനെ തേടിവന്നു. ഏഴോളം രചനകൾ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഡൽഹി ഫ്രഞ്ച് എംബസിയിൽ ദീർഘകാലം ജോലി ചെയ്‌തു.40 വർഷത്തോളം നീണ്ട ഡൽഹിയിലെ പ്രവാസജീവിതത്തിലാണ് ഏതാണ്ടെല്ലാ രചനകളും എഴുതപ്പെട്ടത്. കേരളസാഹിത്യ അക്കാദമി അദ്ധ്യക്ഷനായും പ്രവർത്തിച്ചു.