തിരുവനന്തപുരം: തലസ്ഥാനത്തെ കാര്യവട്ടം സ്‌പോർട്‌സ് ഹബ് ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരത്തിന് ആതിഥ്യം വഹിക്കുമ്പോൾ ആരാധകർ കൊതിക്കുന്നത് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയുടെ ബാറ്റിൽ നിന്നൊരു സെഞ്ച്വറിയാണ്. ഈ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി സെഞ്ച്വറി പായിച്ച് വിരാട് റെക്കാഡ് സൃഷ്ടിച്ചിരുന്നു. രണ്ടാം ഏകദിനത്തിലെ സെഞ്ച്വറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ10000 റൺസ് തികയ്ക്കുന്ന താരവുമായി. 38 ഏകദിന സെഞ്ച്വറികളാണ് ഇന്ത്യൻ നായകൻ ഇതുവരെ നേടിയത്.
പത്തുകൊല്ലംമുമ്പൊരു ആഗസ്റ്റ് 18ന് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കുമ്പോൾതന്നെ വിരാട് കൊഹ്ലിയെ ചൂണ്ടി പലരും പറഞ്ഞിരുന്നു ഇവൻ സച്ചിന്റെ പിൻഗാമി, സച്ചിൻ തങ്കലിപികൾകൊണ്ട് കുറിച്ചിട്ട റെക്കാഡുകൾ മാറ്റിയെഴുതാൻ പിറന്നവൻ. ഒരു പതിറ്റാണ്ട് കഴിയുമ്പോൾ ആ വാക്കുകൾ അന്വർത്ഥമാക്കി ഈ 28 കാരൻ.
ക്രിക്കറ്റിലെ എവറസ്റ്റ് കൊടുമുടിയാണ് സച്ചിൻ. ആരോഹണ തീവ്രതയിൽ ആ എവറസ്റ്റിനും മുകളിലേക്ക് കുതിക്കുകയാണ് വിരാട്. നേട്ടങ്ങളുടെ ഹിമഗിരി ശൃംഗങ്ങളിലേക്ക് സച്ചിനേക്കാൾ വേഗത്തിലാണ് കൊഹ്ലി കയറുന്നത്. സച്ചിനും മേലേക്കുള്ള ആ യാത്രയുടെ നിർണായഘട്ടമാണ് വിശാഖപട്ടണത്ത് രണ്ടാം ഏകദിനത്തിൽ അരങ്ങേറിയത്.
10000 ക്ലബിലെത്തുവാൻ ഏറ്റവും കുറച്ച് ഇന്നിംഗ്‌സുകൾ മാത്രമാണ് കൊഹ്ലിക്ക് വേണ്ടിവന്നത്. സച്ചിനെക്കാൾ 54 ഇന്നിംഗ്‌സുകൾ കുറവ്. സച്ചിന് 259 ഇന്നിംഗ്‌സും ഗാംഗുലിക്ക് 263 ഇന്നിംഗ്‌സും പോണ്ടിംഗിന് 266 ഇന്നിംഗ്‌സും വേണ്ടി വന്നപ്പോൾ കൊഹ്ലി ചരിത്രം കുറിച്ചത് 205ാമത്തെ ഇന്നിംഗ്‌സിൽ.10 വർഷവും 67 ദിവസവും നീണ്ട കരിയറിലാണ് വിരാട് ഇതിഹാസം കുറിച്ചത്. ഏറ്റവും കുറച്ചുകാലം കൊണ്ട് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കാഡാണ് കൊഹ്ലി സ്വന്തം പേരിലെഴുതിയിരിക്കുന്നത്. 10 വർഷവും 317 ദിവസവുമെന്ന ദ്രാവിഡിന്റെ റെക്കാഡാണ് ഇക്കാര്യത്തിൽ തകർത്തത്.
10000 ത്തിലെത്തുമ്പോൾ പ്രായത്തിൽ മാത്രമാണ് കൊഹ്ലി സച്ചിന് പിന്നിലായത്. സച്ചിൻ 27 വർഷവും 342 ദിവസവും പ്രായമുള്ളപ്പോഴാണ് 10000 ക്ലബിൽ അംഗമായത്. കൊഹ്ലി 29 വർഷവും 353 ദിവസവും പ്രായമുള്ളപ്പോൾ.
കോഹ്‌ലി ബാറ്റിംഗ് ഗ്രാഫ്
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ്
തികയ്ക്കുന്നതിൽ വിവിയൻ റിച്ചാർഡ്സിനൊപ്പം രണ്ടാംസ്ഥാനം. ആദ്യ സ്ഥാനം ഹാഷിം അംലയ്ക്ക്.6000, 7000 റൺസുകളിൽ എത്തുന്നതിൽ അംലയ്ക്ക് പിന്നിൽ രണ്ടാമത്.8000, 9000, 10000 നാഴികക്കല്ലുകളിൽ ഏറ്റവും വേഗക്കാരൻ.ഏകദിനത്തിൽ 7000 റൺസ് എങ്കിലും നേടിയവരിൽ ഏറ്റവും ഉയർന്ന ശരാശരിക്ക് (51.02) ഉടമ. 50 ഇന്നിംഗ്സുകളെങ്കിലും കളിച്ച ഏകദിന താരങ്ങളിൽ ബാറ്റിംഗ് ശരാശരിയിൽ ആറാം സ്ഥാനത്ത്.
കഴിഞ്ഞ അഞ്ച് വർഷത്തെ പ്രകടനം
ഇക്കാലയളവിൽ ബാറ്റിംഗ്
ശരാശരിയിൽ (69.18) കൊഹ്ലിക്ക് മുന്നിൽ മറ്റാരുമില്ല.
ഏറ്റവും കൂടുതൽ (20) സെഞ്ച്വറികൾ അടിച്ച മറ്റാരുമില്ല.ചേസിംഗിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി (75.79). വിജയിച്ച മത്സരങ്ങളിലെ ബാറ്റിംഗ് ശരാശരിയിലും (93) ഏറ്റവും മുന്നിൽ.
പീക്ക് ടൈം
2015 ഒക്ടോബർ മുതൽ 2018 ഒക്ടോബർ വരെയുള്ള കാലയളവ് കൊഹ്ലിയുടെ കരിയറിലെ പീക്ക് ടൈമായി കണക്കാക്കാം. ഇക്കാലയളവിൽ 51 ഇന്നിംഗ്സുകളിൽനിന്ന് 92 ശരാശരിയിൽ 99.6 സ്ട്രൈക്ക് റേറ്റിൽ കൊഹ്ലി നേടിയത് 3437 റൺസ്. 14 സെഞ്ച്വറികളും ഇക്കാലയളവിൽ നേടി.
കീഴടക്കാൻ ഉള്ളത്
ഇനി കൊഹ്ലിക്ക് കീഴടക്കാനുള്ളത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് (18,426) എന്ന സച്ചിന്റെ റെക്കാഡ്. അധികനാൾ കഴിയുന്നതിനുമുമ്പ് ആ ചരിത്രവും കൊഹ്ലി സ്വന്തം പേരിലാക്കുമെന്ന് ഉറപ്പാണ്.