ജീവിതം ഒരു നാടകമാണെന്ന് ഓർമ്മിപ്പിക്കാത്ത ദിവസങ്ങൾ കുറവാകും. പുത്തൻ പണത്തിനുശേഷം 'ഡ്രാമ'യുമായെത്തുന്ന സംവിധായകൻ രജ്ഞിത്തിനും പറയാനുള്ളത് ഇത്രമാത്രം. ജീവിത നാടകത്തിലെ അഭിനേതാക്കളാകുന്നവരുടെ നേർ സാക്ഷ്യമാണ് ഡ്രാമയിലെ കഥാപാത്രങ്ങൾ. മരണം എന്ന സത്യത്തിനു മുന്നിൽ ബന്ധങ്ങളിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാനാണ് ഡ്രാമയുടെ ശ്രമം.
ജീവിതം ഒരു നാടകം
ജീവിതം ഒരു നാടകമാണെന്നും നാമോരുരുത്തരും അതിലെ അഭിനേതാക്കളാണെന്ന ഷേക്സ്പീരിയൻ വചനത്തെ തുറന്നുകാട്ടുകയാണ് രജ്ഞിത് തന്നെ തിരക്കഥയൊരുക്കിയ ഡ്രാമ. ലണ്ടനിലെ ഇളയമകൾ മേഴ്സിയുടെ (കനിഹ) വീട്ടിൽ വച്ച് മരണപ്പെടുന്ന റോസമ്മയ്ക്ക് ( അരുന്ധതി നാഗ്) മരണാനന്തര ചടങ്ങുകൾ കട്ടപ്പനയിലെ വീട്ടിൽ നടത്തണം എന്നതായിരുന്നു അന്ത്യാഭിലാഷം. എന്നാൽ വിദേശരാജ്യങ്ങളിൽ തിരക്കുകളിൽ ജീവിക്കുന്ന മക്കളായ ഫിലിപ്പിനും (സുരേഷ് കൃഷ്ണ) ബെന്നിയ്ക്കും (ടിനി ടോം) അമ്മിണിക്കും (സുബി സുരേഷ്) സംസ്കാരം ലണ്ടനിൽ തന്നെ നടത്തി ഉടൻ തിരക്കുകളിലേക്ക് മടങ്ങാനാണ് ആഗ്രഹം. എന്നാൽ ഇളയമകൻ ജോമോൻ (നിരജ്ഞൻ) അമ്മച്ചിയുടെ ആഗ്രഹപ്രകാരം ശവമടക്ക് നാട്ടിൽ നടത്താൻ ആഗ്രഹിക്കുന്നു. സഹോദരി മെഴ്സിയും അവരുടെ ഭർത്താവ് മകുന്ദനുണ്ണിയും (സംവിധായകൻ ശ്യാമപ്രസാദ്) അതിനെ പിന്തുണയ്ക്കുന്നു. എന്നാൽ ഇവരെ സഹായിക്കാനെത്തുന്ന രാജഗോപാലൻ നായരാണ് (മോഹൻലാൽ) സിനിമയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുന്നത്. തമാശയും പൊട്ടിച്ചിരിയും വിതറാനെത്തുന്ന രാജഗോപാലും സംഘവുമാണ് ചിത്രത്തിൽ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഘടകം.
മക്കളുടെ ജീവിത തിരക്കുകളിൽ ഒറ്റപ്പെട്ടു പോകുന്ന, മക്കൾക്കുവേണ്ടി പിറന്ന നാടും വീടും ഉപേക്ഷിച്ചുപോകേണ്ടിവരുന്ന മാതാപിതാക്കളുടെ കഥയാണ് ഡ്രാമയ്ക്കും പറയാനുള്ളത്. എന്നാൽ സംവിധായകന്റെ ചില ഫിലോസഫികൾ കൂടി ഉൾപ്പെടുത്തി അവതരണത്തിൽ വ്യത്യസ്തത പുലർത്താൻ ഡ്രാമ ശ്രമിക്കുന്നുണ്ട്. ഉറ്റവരുടെ മരണം പോലും യാന്ത്രികമാകുമ്പോൾ ചടങ്ങുകൾ ഏജൻസികളെ ഏൽപ്പിച്ച് റെഡിമെയ്ഡ് ചിതാഭാസ്‌മുമായി മടങ്ങാൻ കൊതിക്കുന്ന മക്കളാണ് ഡ്രാമയിലെ കഥാപാത്രങ്ങൾ. എന്നാൽ പലയിടത്തും ഒരു അപ്പർ ക്ലാസ് മരണവീടിന്റെ ഫൈവ് സ്റ്രാർ രീതികളേക്കാൾ കൂടുതൽ എന്തെങ്കിലും പറയാൻ രഞ്ജിത്തിന്റെ ഡ്രാമയ്ക്ക് സാധിക്കുന്നില്ല എന്നത് നിരാശാജനകമാണ്.
ഡ്രാമയുടെ സുപ്രധാന കഥാസന്ദർഭങ്ങളെല്ലാം അരങ്ങേറുന്നത് ലണ്ടനിലാണ്. ലണ്ടന്റെ പ്രകൃതി മനോഹാരിതയും പടിഞ്ഞാറൻ വാസ്തുവിദ്യയിൽ പണി തീർത്ത വീടുകളും ആഡംബര വാഹനങ്ങളും എല്ലാം ചേരുന്ന ലക്ഷ്വറി കാഴ്ചകളാണ് ഡ്രാമ പ്രേക്ഷകർക്കായി ഒരുക്കുന്നത്. ലണ്ടനിലെ സുഖലോലുപതയിലും പണത്തിന് തരാൻ കഴിയാത്ത സുഖങ്ങളുണ്ടെന്ന് ഡ്രാമ പറയുന്നു.
ഡ്രമാറ്റിക് കൂട്ടുകെട്ട്
മോഹൻലാൽ- രജ്ഞിത് കൂട്ടുകെട്ട് ആഘോഷമാക്കിയ മലയാളിയെ തേടിയെത്തി ഇതേ കൂട്ടുകെട്ടിൽ ഡ്രാമ എത്തുകയാണ്. എന്നാൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഡ്രാമ കിതയ്ക്കുന്നുണ്ട്. മോഹൻലാലിനെ ഉപയോഗിച്ച് നർമ്മം നിറയുന്ന പല കഥാസന്ദർഭങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും പൊട്ടിച്ചിരി വിതറാൻ അദ്ദേഹത്തിന് കഴിയാതെ പോകുന്നു. മോഹൻലാലും ശ്യാമപ്രസാദും വളരെ ഡ്രമാറ്റിക്കായി കഥാപാത്രങ്ങളെ സമീപിക്കുമ്പോൾ അരുന്ധതി, ടിനി ടോം, സുരേഷ് കൃഷ്ണ, കനിഹ, ദിലീഷ് പോത്തൻ, ബൈജു സന്തോഷ് എന്നിവരെല്ലാം അഭിനയത്തോട് നീതിപുലർത്തി. കലാമൂല്യമുള്ള ചിത്രങ്ങൾക്കും കച്ചവട സിനിമകൾക്കും ഒരുപോലെ പ്രശംസ പിടിച്ചു പറ്റിയ രജ്ഞിത് ഇത്തവണയും പതിവ് രജ്ഞിത് സ്റ്റൈലിന് മാറ്റം വരുത്തുന്നില്ല. എന്നാൽ കഥയ്ക്കും കഥാപാത്ര സൃഷ്ടിക്കും അല്പം കൂടി കരുത്ത് പ്രേക്ഷകർ പ്രതീക്ഷിച്ചെങ്കിൽ തെറ്റു പറയാൻ കഴിയില്ല. മികച്ച പ്രതിപാദ്യം കൊണ്ട് രണ്ടരമണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ ഡ്രാമ പലയിടങ്ങളിലും പാളുന്നുണ്ട്. ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുവയ്ക്കാറുള്ള നായർ വ്യഥകളും തറവാട്ടു മഹിമയും കൈവിടാൻ രജ്ഞിത് തയ്യാറാകാത്തത് പ്രേക്ഷകനെ മുഷിപ്പിച്ചേക്കും.