ബംഗളൂരു: കർണാടകയിൽ അമിത് ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കവെ രാമനഗരയിലെ ബി.ജെ.പി സ്ഥാനാർത്ഥി പാർട്ടി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്തി. ബി.ജെ.പി സ്ഥാനാർത്ഥിയായ എൽ.ചന്ദ്രശേഖറാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയത്. ജെ.ഡി.എസ് സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയായിരുന്നു ചന്ദ്രശേഖറിന് എതിരായി മത്സരിക്കുന്നത്. എതിർസ്ഥാനാർത്ഥി ഇല്ലാതായതോടെ അനിതയുടെ വിജയ സാദ്ധ്യത വർദ്ധിക്കുമെന്നാണ് കോൺഗ്രസ്- ജെ.ഡി.എസ് സംഖ്യം പ്രതീക്ഷിക്കുന്നത്.
ബി.ജെ.പിയിൽ ഐക്യം ഇല്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തന്നെ പിന്തുണയ്ക്കുന്നില്ലെന്നും ആരോപിച്ചാണ് ചന്ദ്രശേഖർ പാർട്ടി വിട്ടത്. ഒരു മാസം മുമ്പായിരുന്നു ചന്ദ്രശേഖർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. മുഖ്യമന്ത്രി കുമാരസ്വാമി മത്സരിച്ച മണ്ഡലമാണ് രാമനഗര. ചന്നപട്ടണത്തിലും കുമാരസ്വാമി വിജയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാമനഗരത്തിൽ നിന്ന് എം.എൽ.എ സ്ഥാനം കുമാരസ്വാമി രാജിവച്ചതും അവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതും. പാർട്ടിയുടെ മാത്രമല്ല ജനങ്ങളുടെയും താല്പര്യമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അനിതാ കുമാരസ്വാമി പ്രതികരിച്ചിരുന്നു. മധുഗിരിയിൽ നിന്ന് നേരത്തെ നിയമസഭയിലെത്തിയ ചരിത്രവും അനിതയ്ക്കുണ്ട്.
അതേസമയം, ചന്ദ്രശേഖറിന്റെ മടക്കം മണ്ഡ്യ, ബെള്ളാരി, ശിവമൊഗ്ഗ ലോക്സഭാ സീറ്റുകളിലേക്കും ജാംഖണ്ഡി നിയമസഭാ സീറ്റിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിലാണു ബിജെപി.