-mammootty

പഞ്ചവർണ്ണതത്തയുടെ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് രമേശ് പിഷാരടി. ഇത്തവണ മെഗാ സ്‌റ്റാർ മമ്മൂട്ടിയാണ് പിഷാരടിയുടെ നായകൻ. ഗാനഗന്ധർവൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂക്ക എത്തുന്നത്. ഗാനമേള വേദികളിൽ സ്ഥിരം സാന്നിധ്യമാണ് കലാസദൻ ഉല്ലാസ്. പഞ്ചവർണതത്തയിലേതു പോലെ തന്നെ ഹരി പി നായരാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. മോഹൻലാൽ ചിത്രം 'ഡ്രാമ'യുടെ പ്രദർശനത്തിനിടെയാണ് ഗാനഗന്ധർവന്റെ പ്രൊമോ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടത്.

ഇച്ചായി പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. തീയേറ്ററിലെ അപ്രതീക്ഷിത പ്രോമോ വീ‌‌ഡിയോ ആരാധകരെ ആവേശത്തിലാഴ്‌ത്തിയിരിക്കുകയാണ്. പ്രൊമോ വീഡിയോയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഈ വർഷം ഏപ്രിലിലാണ് പഞ്ചവർണ്ണതത്ത തിയേറ്ററുകളിലെത്തിയത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരാണ് നായകന്മാരായി എത്തിയത്. കരിയറിലെ തന്നെ വ്യത്യസ്‌ത വേഷമായിരുന്നു ചിത്രത്തിലൂടെ ജയറാമിന് ലഭിച്ചത്.

മണിയൻപിള്ള രാജു നിർമ്മിച്ച ചിത്രത്തിൽ അനുശ്രീ, സലിം കുമാർ, അശോകൻ, ധർമ്മജൻ ബോൾഗാട്ടി, പ്രേംകുമാർ, മല്ലിക സുകുമാരൻ, ടിനി ടോം, ജനാർദ്ദനൻ, കുഞ്ചൻ തുടങ്ങിയ വൻതാരനിര തന്നെ അണിനിരന്നിരുന്നു.