കൊച്ചി: പ്രളയാനന്തര കേരളത്തിന് പുത്തനുണർവേകാൻ കേരളത്തിലെ മുഴുവൻ മാദ്ധ്യമസ്ഥാപനങ്ങളും കൈകോർത്ത് നവംബർ 15 മുതൽ ഡിസംബർ 16 വരെ ഒരുക്കുന്ന 'ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ" (ജി.കെ.എസ്.യു) ഏവർക്കും പങ്കാളിയാകാം, ആകർഷക സമ്മാനങ്ങളും നേടാം. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാദ്ധ്യമ സ്ഥാപനങ്ങളെല്ലാം ചേർന്ന് ഷോപ്പിംഗ് മാമാങ്കമൊരുക്കുന്നത്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരുന്ന ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്‌റ്രിവലിൽ വ്യാപാര സ്ഥാപനങ്ങൾ മുഖേനയാണ് ഉപഭോക്താക്കൾ പങ്കെടുത്തിരുന്നത്. എന്നാൽ, ഗ്രേറ്റ് കേരള ഷോപ്പിംഗ് ഉത്സവിൽ ഉപഭോക്താക്കൾക്ക് നേരിട്ട് പങ്കെടുക്കാം. 1,000 രൂപയ്ക്കോ അതിനു മുകളിലോ ചെലവിട്ട് സാധനങ്ങൾ വാങ്ങുന്നവർക്ക് ഉത്സവിന്റെ ഭാഗമാകാം. ജി.എസ്.ടി ഉൾപ്പെടുന്ന പർച്ചേസ് ബില്ലിന്റെ ചിത്രം ജി.കെ.എസ്.യുവിന്റെ വാട്‌സ് ആപ്പ് നമ്പറിലേക്ക് അയയ്‌ച്ചാൽ മതി. മറുപടിയായി, ഉപഭോക്താവിന്റെ പേരും മേൽവിലാസവും മൊബൈൽ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. ഇത് പൂരിപ്പിച്ച് അയയ്‌ക്കുന്നതിലൂടെ നറുക്കെടുപ്പിൽ പങ്കെടുക്കാം. വാട്‌സ് ആപ്പ് നമ്പർ പിന്നീട് പ്രസിദ്ധീകരിക്കും.
ചെറിയ കടകൾ മുതൽ വലിയ വാണിജ്യസ്ഥാപനങ്ങൾ വരെ ജി.കെ.എസ്.യുവിൽ പങ്കെടുക്കുന്നുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ മികച്ച ഓഫറുകളുമുണ്ടാകും. ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും 25 കോടി രൂപയുടെ പരസ്യസ്ഥലവും സമയവുമാണ് ഉത്സവിനോട് അനുബന്ധിച്ച് മാദ്ധ്യമസ്ഥാപനങ്ങൾ സൗജന്യമായി നൽകുന്നത്. ജി.കെ.എസ്.യുവിനോട് അനുബന്ധിച്ച് പ്രളയ ബാധിതർക്ക് പുതിയ സാധനങ്ങൾ വാങ്ങാൻ സർക്കാരും കുടുംബശ്രീയും ചേർന്ന് ഒരുലക്ഷം രൂപയുടെ വായ്‌പ ലഭ്യമാക്കുന്നുണ്ട്. ഇതുവഴി, ആയിരം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
₹4 കോടിയുടെ സമ്മാനങ്ങൾ
ജി.കെ.എസ്.യു നറുക്കെടുപ്പിലൂടെ ഉപഭോക്താക്കൾക്ക് നൽകുന്നത് നാല് കോടി രൂപയുടെ സമ്മാനങ്ങളാണ്. ഒരു കോടി രൂപയുടെ ഫ്ലാറ്രാണ് ബമ്പർ സമ്മാനം. ദിവസേനയും പ്രത്യേക സമ്മാനങ്ങളുണ്ട്. ഗൃഹോപകരണങ്ങൾ, ഗിഫ്‌റ്ര് കാർഡുകൾ, ഗിഫ്റ്ര് വൗച്ചറുകൾ, ഗിഫ്‌റ്റ് ഹാംപറുകൾ തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും.
ഫോട്ടോ:
ഗ്രേറ്ര് കേരള ഷോപ്പിംഗ് ഉത്സവിന്റെ ലോഗോ പ്രകാശനം നടൻ മമ്മൂട്ടി കൊച്ചിയിൽ നിർവഹിക്കുന്നു.