സ്‌ഫടികം എന്ന ഒരൊറ്റ ചിത്രം മതി ഭദ്രൻ എന്ന സംവിധായകൻ മലയാള സിനിമയ്‌ക്ക് എത്രത്തോളം പ്രിയങ്കരനാണ് എന്ന് മനസിലാക്കാൻ. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ എവർഗ്രീൻ ഹിറ്റായാണ് സ്ഫടികം അറിയപ്പെടുന്നത്. സ്ഫടികം പോലെ തന്നെ താൻ ഏറെ ആഗ്രഹിച്ച് ചെയ്‌ത ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അയ്യർ ദി ഗ്രേറ്റെന്ന് ഭദ്രൻ പറയുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണ സമയത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനഭുവങ്ങൾ ഏറെയായിരുന്നെന്ന് ഭദ്രൻ വെളിപ്പെടുത്തി.
'നായകനായ മമ്മൂട്ടി പോലും ഒരവസരത്തിൽ എന്നെ തെറ്റിദ്ധരിച്ചു. അദ്ദേഹം വേണ്ടരീതിയിൽ സഹകരിച്ചില്ല. സംവിധായക സ്ഥാനത്ത് നിന്ന് എന്നെ മാറ്റാൻ വരെ തീരുമാനിക്കുകയുണ്ടായി' - കേരളകൗമുദി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഭദ്രൻ അനുഭവങ്ങൾ പങ്കുവച്ചത്.
'ലോകസിനിമയുടെ അന്നുവരെയുള്ള ചരിത്രം പരിശോധിച്ചാൽ സിക്‌സ്‌ത് സെൻസ് എന്ന തികച്ചും വ്യത്യസ്‌തമായ പ്രമേയം അവതരിപ്പിച്ച ചിത്രമായിരുന്നു അയ്യർ ദ ഗ്രേറ്റ്. ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് അതിന്റെ ആശയം ലഭിച്ചത്. കോയമ്പത്തൂരിലെ ഒരു വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ മകന് ശക്തമായ ഇടിമിന്നലേറ്റു. എങ്കിലും അവന്റെ ജീവൻ തിരിച്ചു കിട്ടി. ആ സംഭവത്തിന് ശേഷം അവൻ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് മാറി. ആഹാരമൊന്നും കഴിക്കാതെ വെറും കട്ടൻ ചായ മാത്രം കുടിക്കുന്ന നിലയായി. പെട്ടെന്നൊരു ദിവസം അവൻ ഒരു പ്രവചനം നടത്തി. തന്റെ വീടിനടുത്ത് താമസിക്കുന്ന ഒരു പയ്യനെ മോഷണക്കുറ്റം ആരോപിച്ചു ഒരു കൂട്ടം ആളുകൾ അടിച്ചുകൊല്ലുമെന്നായിരുന്നു അത്. ആരും അത്ര കാര്യമായി എടുത്തില്ല. എന്നാൽ പറഞ്ഞ ദിവസം തന്നെ അത് സംഭവിച്ചു. മുപ്പതോളം വരുന്ന ആൾകൂട്ടം മോഷണക്കുറ്റം ആരോപിച്ച് ആ പയ്യനെ അടിച്ചു കൊന്നു. ഇതിൽ നിന്നാണ് ഞാൻ അയ്യർ ദ ഗ്രേറ്റിന്റെ കഥ രൂപപ്പെടുത്തിയത്.
മലയാറ്റൂർ രാമകൃഷ്ണനെ തിരക്കഥയെഴുതാനായി സമീപിച്ചു. അദ്ദേഹം കാശൊക്കെ വാങ്ങി മൂന്നു മാസം എടുത്തു തിരക്കഥ പൂർത്തിയാക്കി. അതെന്നെ ഏൽപിക്കുന്ന സമയത്തു മുൻകൂർ ജാമ്യംപോലെ അദ്ദേഹം പറഞ്ഞു , മറ്റ് ചില പ്രശ്‌നങ്ങൾ കാരണം തനിക്ക് വേണ്ടത്ര രീതിയിൽ തിരക്കഥയിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് . വായിച്ചു നോക്കിയപ്പോൾ ശരിയാണ്. എന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിട്ടില്ല. അവസാനം ഞാൻ കഠിനാദ്ധ്വാനം ചെയ്‌താണ് ആ തിരക്കഥ സിനിമയുടെ രൂപത്തിലാക്കിയത്. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ഉൾപ്പെടെയുള്ള നിരവധി സ്‌പെഷ്യൽ എഫക്‌ട്‌സ് സീക്വൻസുകൾ മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിച്ചത് അയ്യർ ദ ഗ്രേറ്റിലാണ്. നടൻ രതീഷ് ആയിരുന്നു നിർമ്മാതാവ്. സിനിമയ്‌ക്ക് വേണ്ടിയുള്ള പണം മുഴുവനും രതീഷ് മറ്റു പല ആവശ്യങ്ങൾക്കായി റോൾ ചെയ്‌തുകൊണ്ടേയിരുന്നു. അവസാനം ചിത്രം പറഞ്ഞ ഡേറ്റിൽ പൂർത്തിയാകാത്ത അവസ്ഥ വന്നു. ഭദ്രൻ കാശ് ധൂർത്തടിക്കുന്ന സംവിധായകനാണെന്ന് നിർമ്മാതാക്കളുടെ ഇടയിൽ ഒരു ശ്രുതി പരന്നു. ചിത്രീകരണ സമയത്ത് മമ്മൂട്ടിയും എന്നെ ഒരുപാടു തെറ്റിദ്ധരിച്ചു. അദ്ദേഹം വേണ്ടരീതിയിൽ സഹകരിച്ചില്ല. പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും ചില നടന്മാരുടെ ഭാഗത്ത് നിന്നും സഹകരണമുണ്ടായില്ല. അവസാനം മറ്റു പലരും ഇടപെട്ട് എന്നെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റാൻ വരെ തീരുമാനിച്ചു. പുറത്തു പറയാൻ കഴിയാത്ത പല മോശമായ കാര്യങ്ങളും ആ സിനിമയുടെ അണിയറയിൽ നടന്നിട്ടുണ്ട്. മമ്മൂട്ടിയടക്കം ആ കഥയെ വേണ്ട രീതിയിൽ ഉൾക്കൊണ്ടില്ല എന്നതാണ് വസ്തുത. എന്നാൽ സിനിമ റിലീസായപ്പോൾ എന്നെക്കുറിച്ചുള്ള അഭിപ്രായത്തിൽ മാറ്റം വന്നു. ചിത്രം സൂപ്പർ ഹിറ്റായിരുന്നു. തമിഴ്‌നാട്ടിൽ 150 ദിവസമാണ് പ്രദർശിപ്പിച്ചത്'- ഭദ്രൻ പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.