തിരുവനന്തപുരം: പദ്മനാഭന്റെ മണ്ണാണ് പിള്ളേരെടുത്ത് ഉടുത്ത് കളയയും എന്ന പടയോട്ടം സിനിമയിലെ ബിജുമേനോന്റെ പ്രശസ്തമായ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ഇന്ത്യൻ ബൗളർമാർ വിൻഡീസ് ബാറ്രിംഗ് നിരയെ കശാപ്പ് ചെയ്യുന്നത് കാണാൻ കാര്യവട്ടം സ്പോർട്സ് ഹബ്ബിലേക്ക് നീലക്കടലായി ഒഴുകിയെത്തുകയായിരുന്നു ജനസാഗരം.ആവേശത്തിന് ഒട്ടുംകുറവുണ്ടായില്ലെങ്കിലും ഡേ-നൈറ്ര് മത്സരം സൂര്യാസ്തമയത്തിന് മുന്നേ തീർന്നതിന്റെ നിരാശ കാണികൾക്കുണ്ടായിരുന്നു .
മഴഭീഷണിയുയർത്തി അന്തരീക്ഷം മേഘാവൃതമായിരുന്നെങ്കിലും അതൊന്നു വകവയ്ക്കാതെ നദികൾ പലകൈവഴികളായൊഴുകി ഒടുവിൽ സമുദ്രത്തിൽ എത്തിച്ചേരുന്നപോലെ രാവിലെ പതിനൊന്ന് മണിമുതൽ വിവധയിടങ്ങളിൽ നിന്നായി എത്തിച്ചേർന്നവർ പല സംഘങ്ങളായി ആർപ്പുവിളികളോടെ ഗാലറിയിലേക്ക് പ്രവേശിച്ചു തുടങ്ങി. ഒന്നേകാലോടെ സ്റ്രേഡിയം നിറഞ്ഞു. അപ്പർഗാലറി ഹൗസ്‌ഫുള്ളയിരുന്നു. അതേസമയം ലോവർ ഗാലറിയിൽ വളരെക്കുറച്ച് ഭാഗം ഒഴിഞ്ഞു കിടന്നു. ഗാലറിയുടെ തൊണ്ണൂറ് ശതമാനവും നീലവർണത്തിൽ മുങ്ങിക്കുളിച്ചു. ഏകദേശം നാല്പതിനായിരത്തോളം പേരാണ് മത്സരം കാണാനായെത്തിയത്. ഒന്നരയ്ക്ക് മത്സരം തുടങ്ങുമ്പോൾ പച്ചവിരിച്ച സ്‌പോർട്സ്ഹബ്ബ് സ്റ്റേഡിയത്തിന് ചുറ്രും ആവേശത്തിന്റെ മെക്സിക്കൻ തിരമാല തീർത്ത് നീലക്കടലലപോലെ ഗാലറി ഇളകിമറിഞ്ഞു.
കൊഹ്‌ലിയും ധോണിയും പിന്നെ രോഹിതും
ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയുടെയും എം.എസ്.ധോണിയുടെയും ജേഴ്സികളണിഞ്ഞെത്തിയവരായിരുന്നു കാണികളിൽ ഭൂരിഭാഗവും. രോഹിതിന്റെ 45-ാം നമ്പർ കുപ്പയമണിഞ്ഞെത്തിയവരും ഉണ്ടായിരുന്നു. ടീമിലില്ലായിരുന്നെങ്കിലും ഹാർദ്ദിക് പാണ്ഡ്യയുടെ ജേഴ്സിയിട്ട ചിലരും ഉണ്ടായിരുന്നു. വിരമിച്ചെങ്കിലും ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനും ജയ് വിളികളുണ്ടായിരുന്നു. രാവിലെ മുതൽ തന്നെ കാര്യവട്ടം ജംഗ്ഷൻ മുതൽ ഇന്ത്യൻ താരങ്ങളുടെ ജേഴ്സി വിൽക്കുന്നവരുടെയും മുഖത്ത് ചായം പൂശിക്കൊടുക്കുന്നവരുടെയും നീണ്ടനിരയുണ്ടായിരുന്നു. ഇവർക്കെല്ലാം ചാകര കൊയ്ത്ത് സമ്മാനിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ജേഴ്സികൾ വാങ്ങുന്നതിനും മുഖത്ത് ഇന്ത്യൻ പതാക വരയ്ക്കുന്നതിനും മത്സരിച്ചു.
ചെണ്ടയും വുവുസേലയും
ആഹ്ലാദപ്പെരുമ്പറമുഴക്കാൻ കേരളത്തിന്റെ തനത് വാദ്യോപകരണമായ ചെണ്ടയും 2010ലെ ഫിഫ ലോകകപ്പിലൂടെ താരമായ വുവുസേലയുമായാണ് ചിലസംഘങ്ങൾ എത്തിയത്. സച്ചിന്റെ സൂപ്പർ ഫാൻ സുധീർകുമാറും ധോണിഫാൻ രാംബാബുവും ആവേശത്തിന്റെ രസക്കൂട്ടായി. ഇരുവർക്കുമൊപ്പം സെൽഫിയെടുക്കാൻ മത്സരമായിരുന്നു.
വല്ലാത്ത ചെയ്ത്തായിപ്പോയി വിൻഡീസെ
ആദ്യമായി അനന്തപുരിയിൽ വിരുന്നെത്തിയ അന്താരാഷ്ട്ര ഏകദിനം ഏകദേശം ട്വന്റി-20 പോലെ അവസാനിച്ചതിന്റെ നിരാശ കാണികൾക്കുണ്ടായിരുന്നു. ഇന്ത്യൻ ബൗളിംഗിന് മുന്നിൽ വിൻഡീസ് ബാറ്രിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നപ്പോൾ ആഹ്ലാദാരവങ്ങൾക്കിടയിലും മികച്ചൊരു മത്സരം നഷ്ടമായതിന്റെ സങ്കടം അവർക്കുണ്ടായിരുന്നു. എന്നാലും ഇന്ത്യയെന്നോ വിൻഡീസെന്നോ ഭേദമില്ലാതെ ഓരോ വിക്കറ്രിനും സിക്സിനും ഫോറിനുമെല്ലാം ആർത്തലച്ച ആരാധകവൃന്ദം സ്പോർട്സ്മാൻ സ്പിരിറ്റിന്റെ ഉത്തമ മാതൃകയായി.