മുഖം മനസിന്റെ കണ്ണാടിയാണ്. ഏതു പ്രതിസന്ധിയിലും പുഞ്ചിരി കൈവിടാതെ നിൽക്കുന്നവരെ കണ്ടിട്ടില്ലേ... അവരെ കാണുമ്പോൾ മറ്റുള്ളവർക്ക് അനുഭവപ്പെടുന്ന ഒരു സാന്ത്വനമുണ്ടല്ലോ. അതാവണം നമ്മൾ തിരിച്ചു നൽകേണ്ടത്. ഏതു വിഷമത്തിലും ഒരു പുഞ്ചിരി കൊളുത്തിവയ്ക്കാൻ കഴിയണം. അതിനായി നമ്മൾ നമ്മുടെ മനസിനെ എങ്ങനെ ഒരുക്കണമെന്ന് നോക്കാം.
പ്രസന്നമാണ് മുഖമെങ്കിൽ ഒരാളുടെ മനസിലേക്ക് പെട്ടെന്ന് കടന്നു ചെല്ലാം. ഒരാളെ കാണുമ്പോൾ ആദ്യം നാം ശ്രദ്ധിക്കുന്നത് ആ മുഖമായിരിക്കും. നിറഞ്ഞ ചിരിയും സൗഹൃദവുമാണ് അവിടെയുള്ളതെങ്കിൽ ഇഷ്ടവും മതിപ്പുമുണ്ടാകുന്നതോടൊപ്പം ഒരു കരുത്തുറ്റ ബന്ധത്തിനും അടിത്തറ പാകാം. മുഖം മനസിന്റെ കണ്ണാടിയെന്ന് പറയുന്നത് നൂറുശതമാനവും ശരിയാണ്. ഇതിനായി പ്രത്യേക ചെലവൊന്നും വേണ്ട കാര്യമില്ല. നല്ലൊരു മനസുള്ളവരിൽ നിന്ന് മാത്രമേ പ്രസന്നതയുള്ള മുഖവും നല്ലൊരു ചിരിയും പ്രതീക്ഷിക്കേണ്ടതുള്ളൂ. അതുകൊണ്ട് നിറഞ്ഞ ആത്മാർത്ഥതയോടെയായിരിക്കും ആ ഇടപെടൽ എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഒരാൾ പുഞ്ചിരിക്കുമ്പോൾ തന്നോടും മറ്റുള്ളവരോടും പുലർത്തുന്ന സൗഹൃദത്തിനും വിശാലമായ അർത്ഥതലങ്ങൾ കൈവരിക്കുന്നു.
എത്ര നല്ല പെരുമാറ്റം. ചിലരെ കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസിൽ ആദ്യം ഓർക്കുന്നത് ഈ കാര്യമല്ലേ. നമ്മൾ അത്ര നല്ല കാര്യമല്ല പറയാൻ പോകുന്നതെങ്കിലും അതു അവതരിപ്പിക്കുന്ന രീതി കൊണ്ട് അവ സ്വീകരിക്കപ്പട്ടേക്കാം. സംസാരിക്കുന്നതിന് മുമ്പ് വളരെ ആലോചിച്ച് വേണം ഓരോ വാക്കുകളും ഉപയോഗിക്കാൻ. കേട്ടുനിൽക്കുന്നവരുടെ അഭിമാനം, ആത്മാർത്ഥത എന്നിവയൊന്നും ചോദ്യം ചെയ്യുന്ന രീതിയിലായിരിക്കരുത് ഇടപെടലുകൾ. സംസാരിച്ചു കഴിയുമ്പോൾ ഒരു ശത്രുവിനെ പുതുതായി സൃഷ്ടിക്കരുത്. ഉള്ള സൗഹൃദം നഷ്ടപ്പെടുത്താനും പാടില്ല. വാക്കുകൾക്ക് പിന്നീട് തിരുത്തിയെഴുതാൻ കഴിയാത്തൊരു ശക്തിയുണ്ടെന്ന കാര്യം ഓർക്കണം. ഒരാളെ കുറിച്ച് വിമർശനം നടത്തുന്നതിന് മുമ്പ് വസ്തുതകൾ പൂർണമായും മനസിലാക്കിയതിന് ശേഷം ക്രിയാത്മകമായി അവതരിപ്പിക്കുന്നതാകും നല്ലത്. പറയാനുള്ളത് വലിയ ഒരു സത്യമാണെങ്കിലും അത് അവതരിപ്പിക്കുന്നത് കൃത്യമായ സമയത്താണെന്ന് ഉറപ്പുവരുത്തുക. വിമർശിക്കുന്നയാളിന്റെ ലക്ഷ്യം മറ്റേ വ്യക്തിയുടെ നന്മയാണെന്ന ബോധം അവരിലുമുണ്ടാക്കുക.
എല്ലാവർക്കും സംസാരിക്കാനാണ് താത്പര്യം. ക്ഷമയോടെ കേട്ടു നിൽക്കാൻ കഴിയുന്നവർ അപൂർവ്വമാണ്. ഒരാൾ പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കാൻ കഴിയണമെങ്കിൽ നല്ല മനസും വിശാലചിന്താഗതിയുമുണ്ടെങ്കിലേ സാധിക്കൂ. ഈയൊരു അവസ്ഥ മനസിലാകണമെങ്കിൽ നിങ്ങൾ പറയുന്ന കാര്യം ഒട്ടും താത്പര്യമില്ലാതെ കേൾക്കുന്ന സുഹൃത്തിന്റെ മുഖം ഒന്നു സങ്കൽപ്പിച്ചാൽ മതി. നമ്മെ സമീപിച്ച് എന്തെങ്കിലും കാര്യം പറയാൻ വരുന്നവരെ ആ രീതിയിൽ തന്നെ പരിഗണിക്കുന്നത് വ്യക്തിത്വവികാസമുള്ളവർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. മനസിൽ ദു:ഖവും വിഷമവും പിരിമുറുക്കവും ഉത്കണ്ഠയും അലട്ടുകയാണെങ്കിൽ മറ്റൊരാളോട് തുറന്നു പറഞ്ഞാൽ ലഭിക്കുന്ന ആശ്വാസം വളരെ വലുതാണ്. പലപ്പോഴും നമ്മൾ അങ്ങനെ പല സന്ദർഭങ്ങളിൽ നിന്നായി ആശ്വാസം കണ്ടെത്തും. എന്നാൽ ആർക്കെങ്കിലും സാന്ത്വനം ആവശ്യം വരുന്ന സമയങ്ങളിൽ മൗനം പാലിക്കുന്ന സ്വഭാവക്കാരും നമ്മുടെയിടയിൽ തന്നെയുണ്ട്.
മറ്റുള്ളവരുടെ പെരുമാറ്റങ്ങളെ മുൻവിധിയോടു കൂടി കാണുന്നതും അതിനനുസിച്ച് പെരുമാറുന്നതും ശരിയായ കാര്യമല്ല. ശരിയായ വസ്തുതകൾ പൂർണമായും മനസിലാക്കാതെ ചിലരുടെ പെരുമാറ്റത്തെ മാത്രം വിലയിരുത്തി അവരോട് വെറുപ്പ് പുലർത്തുന്നവർ നമുക്കിടയിൽ തന്നെയുണ്ട്. മാനസികാരോഗ്യകുറവുള്ളവരാണ് ഇങ്ങനെ പെരുമാറുക. ഒരാളോട് വെറുപ്പ് പുലർത്തുന്നതിന് മുമ്പായി മുൻവിധികളൊന്നുമില്ലാതെ പ്രശ്നത്തെ വിലയിരുത്താൻ ശ്രമിക്കുക.
വ്യക്തിത്വവികസനമാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ തെറ്റു പറ്റിയാൽ തുറന്നു സമ്മതിക്കാൻ തയ്യാറെടുക്കുക. തനിക്ക് പറ്റിയ തെറ്റും മറ്റുള്ളവരുടെ തലയിലേക്ക് ചാരാനുള്ള പ്രവണതയാണ് ഇന്ന് കൂടുതലും. വളരെ തെറ്റായ സമീപനമാണിത്. തെറ്റിനെ ന്യായീകരിക്കുന്നതല്ല വലുത്, മറിച്ച് അതു തുറന്നുസമ്മതിക്കുന്നതാണെന്ന സത്യം തിരിച്ചറിയണം.
ആരെ കുറിച്ചെങ്കിലും നല്ല രണ്ടു വാക്കു പറയുക. ആയിരം കുറ്റങ്ങൾ പറയാൻ നിമിഷങ്ങൾ മാത്രമെടുക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണത്. ഒരാൾ നമ്മളെ കുറിച്ച് രണ്ടു വാക്കു നന്നായി പറഞ്ഞാൽ അതുണ്ടാക്കുന്ന സന്തോഷവും ഉത്സാഹവും എത്ര വലുതായിരിക്കും. ആ തിരിച്ചറിവോടെ വേണം ഈ പ്രശ്നത്തെ സമീപിക്കാൻ. അർഹതയില്ലാത്ത ഒരാൾക്ക് അഭിനന്ദനം നൽകണമെന്നല്ല പറയുന്നത്. മറിച്ച് ഒരു വ്യക്തിയുടെ ഏതെങ്കിലുമൊരു മികവിനെ മനസ് തുറന്നു അഭിനന്ദിക്കുന്നത് വ്യക്തിയെന്ന നിലയിൽ നമ്മുടെ കൂടി വിജയമാണ്. മറ്റുള്ളവരെ വലുതായി കാണാനും അവരെ അംഗീകരിക്കുന്നതിനുമുള്ള ക്രിയാത്മക സ്വഭാവം നമ്മിൽ വളർത്തിയെടുത്താൽ കൂടുതൽ സുഹൃത്തുക്കളെ സമ്പാദിക്കാൻ കഴിയുകയും അതോടു കൂടി നമ്മുടെ ലോകം വലുതാകുകയും ചെയ്യും. അഭിനന്ദിക്കാൻ കഴിയുന്ന മനോഭാവം നിങ്ങളുടെ വ്യക്തിത്വത്തെ പ്രശോഭിപ്പിക്കും.
ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പലർക്കും മടിയാണ്. തെറ്റുകളെന്തെങ്കിലും വരികയാണെങ്കിൽ കുടുങ്ങിപ്പോകുമല്ലോ എന്ന മനോഭാവമാണ് കാരണം. ഇത് തികച്ചും തെറ്റായ ഒരു കാഴ്ചപ്പാടാണ്. ഉത്തരവാദിത്തം സ്വയം നിർവഹിക്കാൻ കഴിയാത്ത അവസരങ്ങളിൽ മറ്റുള്ളവരുടെ കുറ്റമായി വ്യാഖ്യാനിക്കുന്നതും പരസ്പരതാരതമ്യ പഠനം നടത്തുന്നതും തെറ്റായ രീതിയാണ്. കുഞ്ഞുങ്ങളിൽ തീരെ ചെറുപ്പത്തിൽ തന്നെ ഉത്തരവാദിത്തബോധം വളർത്തിയെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ചെറിയ ചെറിയ ജോലികൾ അവരെ ഏൽപ്പിക്കുകയും നന്നായി ശ്രമിക്കുന്ന പക്ഷം അവരെ അഭിനന്ദിക്കാനും തയ്യാറാകണം. ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിയുന്ന ഒരു വ്യക്തിക്ക് ക്രിയാത്മകചിന്തകളും വ്യക്തിത്വവികസനവും ഉണ്ടാകുന്നില്ല എന്നതിനോടൊപ്പം തന്നെ നിഷേധാത്മക ചിന്തയും ആഴത്തിൽ വേരോടാൻ സാദ്ധ്യതയുണ്ട്.
ചില വ്യക്തികളെ ശ്രദ്ധിച്ചിട്ടില്ലേ? ഏതുകാര്യത്തിനും വെറുതെ തർക്കിക്കും. എന്നാൽ ആരോഗ്യപരമായ വാദപ്രതിവാദമായിരിക്കില്ല പലപ്പോഴും നടക്കുന്നത്. സ്വന്തം നിഗമനങ്ങളോ, അഭിപ്രായങ്ങളോ സമർത്ഥിക്കാനായിരിക്കും മിക്കവരുടെയും ശ്രമം. അതിനാൽ തന്നെ എതിരാളി പറയുന്നതാണ് ശരിയെങ്കിലും അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ തയ്യാറാകുകയുമില്ല. പക്വതയോടെ വേണം ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാനെന്നും ഓർക്കുക.
മറ്റുള്ളവരെ അംഗീകരിക്കുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ള കാര്യമാണ്. എന്നാൽ ശരിയായ വ്യക്തിത്വവികാസത്തിന്റെ ലക്ഷണം തന്നെ മറ്റുള്ളവരെ അംഗീകരിക്കുക എന്നതാണ്. അവരെ ചിന്തിക്കുന്ന, വ്യക്തിയായി കണ്ടാൽ തന്നെ സാമൂഹ്യ ഇടപെടലുകളിലെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അംഗീകരിക്കുക എന്നാൽ സ്വയം ചെറുതാകുക എന്നാണ് പലരും കരുതുന്നത്. ഇത് ശരിയല്ല. നമ്മളെല്ലാവരും കുറ്റവും കുറവുകളുമുള്ള വ്യക്തികളാണ്. നെഗറ്റീവ് വശങ്ങളെ പോസിറ്റീവ് ചിന്തകളായി തേച്ചു മിനുക്കിയാൽ മാത്രമേ ജീവിതവിജയത്തിന്റെ പുഞ്ചിരി നമ്മുക്ക് സ്വന്തമാകൂ.