1. ശബരിമല വനഭൂമിയിലെ നിർമ്മാണ പ്രവർത്തനം നിറുത്തിവയ്ക്കണം എന്ന് സുപ്രീംകോടതിയിൽ ഉന്നതാധികാര സമിതി. ശബരില, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ വന ഭൂമിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് ഉത്തരവിടണം. കുടിവെള്ള വിതരണം, ശൗചാലയ നിർമ്മാണം എന്നിവ മാത്രമേ അനുവദിക്കാനാവൂ. ഉന്നതാധികാര സമിതി സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഇതു സംബന്ധിച്ച പരാമർശം.
2. പമ്പയിൽ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് എതിരെ കർശന നടപടികൾ എടുക്കണം എന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ, കോടതിയുടെ ഭാഗത്തു നിന്ന് ഇടക്കാല ഉത്തരവ് ഉണ്ടാകണം എന്നും ആവശ്യം. ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് റിപ്പോർട്ട് അടുത്ത ദിവസം പരിഗണിക്കും. പദ്ധതി പ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ച സന്ദർശനം നടത്തിയതിന് ശേഷമാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ഇടക്കാല റിപ്പോർട്ടിന് മറുപടി നൽകാൻ ദേവസ്വം ബോർഡിന് 4 ആഴ്ച സമയം നൽകും.
3. ശബരിമലയിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ട് എന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ കോടതി നിയന്ത്രിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിലെ ആവശ്യങ്ങൾ പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടാൽ അത് സർക്കാരിനും ബോർഡിനും വലിയ വെല്ലുവിളി ആകും.
4. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡൽഹിയിൽ നടപടി കടുപ്പിച്ച് അധികൃതർ. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം നഗരത്തിൽ പരിശോധന ആരംഭിച്ചു. നടപടി, വായു സൂചിക 400 കടന്നതോടെ ഡൽഹിയിലെ മലീനീകരണം അതീവ ഗുരുതര അവസ്ഥയിൽ എത്തിയ സാഹചര്യത്തിൽ. ദീപാവലി അടുത്തിരിക്കെ വരും ദിവസങ്ങളിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമാകും എന്നും മുന്നറിയിപ്പ്.
5. കാറ്റിന്റെ ഗതി മാറ്റം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പുക കൂടുതലായി ഡൽഹിയിൽ എത്താൻ കാരണമാകുന്നു. വനം പരിസ്ഥിതി മന്ത്രാലയം, പൊതുമരാമത്ത് വകുപ്പ്, ഡൽഹി മെട്രോ റെയിൽ കോപ്പറേഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ ദൗത്യ സേന 44 സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തും. പുക നിയന്ത്രണമില്ലാത്ത വാഹനങ്ങൾക്ക് എതിരെയും നടപടി കർശനമാക്കി. നവംബർ 10 വരെ പരിശോധന തുടരും.
6. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചു. അണക്കെട്ട് സുരക്ഷിതം ആയതിനാൽ ജലനിരപ്പ് 139 അടിയായി കുറയ്ക്കണം എന്ന ഉത്തരവ് സുപ്രീംകോടതി പിൻവലിക്കണം എന്നും ആവശ്യപ്പെട്ടു. ജലനിരപ്പ് കുറയ്ക്കണം എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കരുത് എന്നും തമിഴ്‌നാട് കോടതിയിൽ പറഞ്ഞു.
7. കൈക്കൂലി കേസിൽ സി.ബി.ഐ മുൻ സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനക്ക് എതിരെ തെളിവുകൾ ഉണ്ടെന്ന് സി.ബി.ഐ അറിയിച്ചു. എഫ്.ഐ.ആർ റദ്ദാക്കാനാവില്ലെന്നും ഡൽഹി കോടതിയെ സി.ബി.ഐ അറിയിച്ചു. അസ്താനക്ക് എതിരെ പരാതി നൽകിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിട്ടു.
8. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്ന മധ്യപ്രദേശിൽ പര്യടന തിരക്കിനിടെ വിവാദത്തിൽ ആയിരിക്കുകയാണ് രാഹുൽ ഗാന്ധി. മുതിർന്ന കോൺഗ്രസ് നേതാവ് കമൽ നാഥിനെ രാഹുൽ പേര് വിളിച്ചതാണ് ഏറ്റവും പുതിയ വിവാദം. പ്രചാരണത്തിന് എത്തിയ രാഹുൽ ഐസ്‌ക്രീം പാർലറിൽ വച്ചായിരുന്നു കമൽ നാഥിനെ പേര് വിളിച്ച് അഭിസംബോധന ചെയ്തത്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും ആയ ശിവരാജ് ചൗഹാൻ ആണ്.
9. ഐ.എസ്.ആർ.ഒ ചാരക്കേസിൽ ആരോപണ വിധേയനായ സുധീർ കുമാർ ശർമ അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയിൽ വിജയം കണ്ടതോടെ 20 വർഷം നീണ്ട തന്റെ നിയമ പോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹം.
10. ചരക്കു സേവന നികുതി വരുമാനം വീണ്ടും ലക്ഷം കോടി കടന്നു. ഒക്ടോബർ മാസത്തിൽ ജി.എസ്.ടി ഇനത്തിൽ പിരിച്ചത് ഒരു ലക്ഷം കോടി കടന്നതായി ധനമന്ത്രി അരുൺ ജെ്ര്രയ്‌ലിയാണ് അറിയിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ആദ്യമായി ലക്ഷം കോടി എന്ന ലക്ഷ്യം കൈവരിച്ചത്.
11. കേരളകൗമുദിയും സീക്കൻസ് മൊബൈൽസും ചേർന്ന് സംഘടിപ്പിക്കുന്ന ബാലഭാസ്‌കർ അനുസ്മരണ സംഗീത പരിപാടി ബാലസ്മൃതി ഇന്ന് കൊച്ചി ദർബാർ ഹാൾ ഗ്രാണ്ടിൽ നടക്കും. ബാലസ്മൃതി സംഗീത വിരുന്നിന്റെ ഉദ്ഘാടനം വൈകിട്ട് ആറിന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരൻ നിർവഹിക്കും. ബാലഭാസ്‌കറിന്റെ ഓർമ്മകളുമായി പ്രിയ സുഹൃത്തുക്കളായ സ്റ്റീഫൻ ദേവസി, ഇഷാൻ ശ്യാം, വിധു പ്രതാപ്, രാജലക്ഷമി എന്നിവർ ബാലസ്മൃതിയിൽ ഒന്നിക്കും.
12. പഞ്ചവർണ്ണ തത്തയുടെ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരുക്കുക ആണ് രമേഷ് പിഷാരടി. കേരളപ്പിറവി ദിനമായ ഇന്നാണ് ഗാനഗന്ധർവ്വൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടായത്. ഹാസ്യവും സംഗീതവും കൂട്ടിയിണക്കിയ മനേഹരമായ ഒരു കുടുംബ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.