ന്യൂഡൽഹി: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ജി.എസ്.ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി രൂപ കവിഞ്ഞു. കുറഞ്ഞ നികുതിനിരക്ക്, ഉദ്യോഗസ്ഥരുടെ കാര്യക്ഷമമായ ഇടപെടൽ, നികുതി വെട്ടിപ്പിലെ കുറവ് എന്നിവയുടെ പിൻബലത്തിൽ കഴിഞ്ഞമാസം ജി.എസ്.ടി സമാഹരണം ഒരുലക്ഷം കോടി കവിഞ്ഞുവെന്ന് ധനമന്ത്രി അരുൺ ജയ്റ്ര്ലിയാണ് വ്യക്തമാക്കിയത്.
ജൂലായ് 27 മുതൽ ഒട്ടേറെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ജി.എസ്.ടി കൗൺസിൽ കുത്തനെ കുറച്ചിരുന്നു. നടപ്പുവർഷം ഏപ്രിലിലാണ് ജി.എസ്.ടി സമാഹരണം ആദ്യമായി ഒരുലക്ഷം കോടി കടന്നത്. തുടർന്ന്, മേയിൽ 94,016 കോടി രൂപ, ജൂണിൽ 95,610 കോടി രൂപ, ജൂലായിൽ 96,483 കോടി രൂപ, ആഗസ്റ്രിൽ 93,960 കോടി രൂപ, സെപ്തംബറിൽ 94,442 കോടി രൂപ എന്നിങ്ങനെയും ലഭിച്ചു. നടപ്പു സാമ്പത്തിക വർഷം പ്രതിമാസം ഒരുലക്ഷം കോടി രൂപ വീതം ജി.എസ്.ടി സമാഹരണമാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുവരെ ഈവർഷം ഏപ്രിലിലും ഒക്ടോബറിലുമാണ് ഈ ലക്ഷ്യം നേടാനായത്.