crime

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയായി കഴിയുന്നതിനിടെ കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് എക്‌സൈസ് പിടിയിലായ അടിമാലി ചാറ്റുപാറ പാറത്താഴത്ത് വീട്ടിൽ മൂർഖൻ ഷാജി എന്ന ഷാജി (48) പതിറ്റാണ്ടുകാലത്തെ ഹാഷിഷ് കടത്തിലും വില്പനയിലൂടെയും സമ്പാദിച്ചത് കോടികൾ. ആന്ധ്രയിലും ഒഡീഷയിലും ഏക്കർ കണക്കിന് കഞ്ചാവ് കൃഷി നടത്തിയും ഹാഷിഷ് വാറ്റിയും സമ്പാദിച്ച കോടികൾ കേരളത്തിനകത്തും പുറത്തും ബിനാമി പേരിൽ വസ്തുക്കളും റിസോർട്ടുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടാൻ ഉപയോഗിച്ചുവെന്ന് എക്‌സൈസ് ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. 1.8 കിലോഗ്രാം ഹാഷിഷുമായി തിരുവനന്തപുരം നഗരത്തിൽ നിന്ന് കഴിഞ്ഞ ദിവസം എക്‌സൈസ് സി.ഐ അനികുമാറും സംഘവും സാഹസികമായാണ് ഷാജിയെ പിടികൂടിയത് .

പത്തുവർഷം മുമ്പുവരെ അടിമാലി കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യനിർമ്മാണവും വില്പനയും. കുപ്രസിദ്ധനായിരുന്ന കമ്പിളിക്കണ്ടം തോമാച്ചന്റെ വലംകൈയായി പിന്നീട് കൊച്ചി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം തുടങ്ങി. ഒരുനാൾ കമ്പിളിക്കണ്ടം ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ ഹാഷിഷിന്റെ നിർമ്മാണവും കടത്തും കച്ചവടവുമെല്ലാം ഷാജിയുടെ കൈപ്പിടിയിലായി.

ആന്ധ്ര, ഒഡീഷ അതിർത്തിയിലേക്ക് ചുവടുമാറ്രിയ ഷാജി അവിടെ ഏക്കർകണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കഞ്ചാവ് കൃഷി തുടങ്ങി. നക്സലുകൾക്കും മാവോയിസ്റ്റുകൾക്കും നല്ല സ്വാധീനമുള്ള അവിടെ അവർക്കാവശ്യമായ പണവും മറ്റ് സൗകര്യങ്ങളും നൽകി ഷാജി കഞ്ചാവിന്റെ കിംഗായി മാറി. തന്റെ വിശ്വസ്തനും ഹാഷിഷ് നിർമ്മാണത്തിൽ വിദഗ്ദ്ധനുമായ മെൽവിനെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി.

ലാഭം ഹാഷിഷാണെന്ന് തിരിച്ചറിഞ്ഞ ഇരുവരും അവിടെ ക്യാമ്പ് ചെയ്ത് കോടികളുടെ ഹാഷിഷ് വാറ്റി കേരളത്തിലേക്ക് ഒഴുക്കി. മാലി സ്വദേശികൾ മുഖാന്തിരം വിദേശത്തേക്ക് കടത്താനുള്ള കുറുക്കുവഴിയായി തിരുവനന്തപുരത്തെ കണ്ട ഷാജി ഇവിടത്തെ ഒരു സ്വാമിയുമായി സൗഹൃദത്തിലായി. പൂജ കഴിച്ചാൽ തന്റെ ചരക്ക് പിടിക്കപ്പെടില്ലെന്ന് വിശ്വസിച്ച് സ്വാമിയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ചു. സ്വാമിയുടെ ആശ്രമം നിന്ന സ്ഥലം റെയിൽവേ വികസനത്തിനായി ഏറ്രെടുത്തപ്പോൾ അടിമാലിയിൽ സ്വന്തമായി ആശ്രമം നിർമ്മിച്ച് നൽകി. സ്വാമിയേയും കുടുംബത്തേയും തന്റെ വീടിന്റെ മൂന്നാം നിലയിൽ താമസിപ്പിച്ചു. സ്വാമിയുടെ അനുയായികളായ ചിലരും ഷാജിയുടെ ബിസിനസിൽ പങ്കാളികളായി.

സ്വാമിക്കും അനുയായികൾക്കുമൊപ്പം മൂർഖനും സംഘവും വാരണാസിയിൽ ടൂർ പോയി മടങ്ങിവരുന്നതിനിടെ തലസ്ഥാനത്ത് നിന്ന് ടൂറിൽ പങ്കെടുത്ത ഷാജിയുടെ കൂട്ടാളി വിനീഷിന്റെ കാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹാഷിഷ് കണ്ടെത്തിയിരുന്നു.

മൂർഖൻതന്നെ

എതിരാളികളെയും ഒറ്റുകാരെയും കഥ കഴിക്കുന്നതിൽ വിരുതൻ ആയതിനാലാണ് ഷാജിയ്ക്ക് മൂർഖൻ എന്ന വിളിപ്പേര് വീണത്. അടിമാലിയിൽ പണ്ട് ബേക്കറി നടത്തിയിരുന്ന കാലത്ത് സഹായിയായി കൂടിയ യുവതിയെ സ്വന്തമാക്കാൻ അവരുടെ ഭർത്താവിനെ കഞ്ചാവ് ലഹരിയിലാക്കി ,കള്ളക്കേസിൽ കുടുക്കി. പിന്നീട് ഇയാൾ ആത്മഹത്യചെയ്തു. ഇതോടെ ഷാജി നാട്ടുകാരുടെ പേടിസ്വപ്നമായി. പത്തുവർഷത്തിനിടെ ദുരൂഹത പത്തിവിടർത്തിയ മരണങ്ങളും ഭയം വർദ്ധിപ്പിച്ചു. അരഡസനോളം ഹാഷിഷ് ഓയിൽ കേസുകളിൽ പ്രതിയായ ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.