ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വിവാദ ട്വീറ്റുമായി കോൺഗ്രസ് നേതാവും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും രംഗത്ത്. ഏകതാപ്രതിമയുടെ കാൽചുവട്ടിൽ മോദി നിൽക്കുന്ന ചിത്രത്തെ പരിഹസിച്ചാണ് ദിവ്യ ട്വീറ്റുമായി രംഗത്തെത്തിയത്. ഇതെന്താ പക്ഷിക്കാഷ്ഠമാണോ എന്ന അടിക്കുറിപ്പോടെ മോദിയുടെ ചിത്രം സഹിതം പങ്കുവച്ചാണ് ദിവ്യ ട്വിറ്രറിൽ കുറിച്ചത്. അതേസമയം, ദിവ്യയുടെ ട്വീറ്റിനെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018
ബി.ജെ.പി പ്രവർത്തകരെ കൂടാതെ കോൺഗ്രസ് പ്രവർത്തകരും ദിവ്യയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിവ്യ ഉപയോഗിച്ച ഭാഷ കടന്നകൈയായി പോയെന്ന് കോൺഗ്രസ് വൃത്തങ്ങളും അഭിപ്രായപ്പെട്ടു. പാർട്ടിയുടെ എതിർപ്പ് വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ അഭിപ്രായങ്ങൾ തന്റേത് മാത്രമാണെന്നും ദിവ്യ പ്രതികരിച്ചു. താൻ ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിശദീകരണം ആരും അർഹിക്കുന്നില്ലെന്നും ദിവ്യ വ്യക്തമാക്കി.
പ്രധാനമന്ത്രിയെ പരിഹസിച്ചതിന് ദിവ്യ സ്പന്ദന നേരത്തെയും വിവാദത്തിലകപ്പെട്ടിരുന്നു. കൂടാതെ കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവി സ്ഥാനം സംബന്ധിച്ച വിവരങ്ങൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്ത ദിവ്യയുടെ നടപടിയെ പാർട്ടിയും ദിവ്യയും തമ്മിലുള്ള പ്രശ്നങ്ങളെ തുടർന്നാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.