ന്യൂയോർക്ക്: ലൈംഗികാരോപണ വിധേയരായ എക്സിക്യൂട്ടിവ് അംഗങ്ങളോട് ഗൂഗിൾ മൃദു സമീപനം കൈക്കൊള്ളുന്നതിൽ പ്രതിഷേധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഗൂഗിൾ ജീവനക്കാർ പ്രകടനം സംഘടിപ്പിച്ചു. ഇന്നലെ രാവിലെയാണ് ലോകമെമ്പാടും ജോലി നിറുത്തിവച്ച് ഓഫീസിനു പുറത്ത് പ്രതിഷേധത്തിൽ പങ്കുചേർന്നത്. ടോക്യോ, സിംഗപ്പൂർ, സൂറിച്ച്, ലണ്ടൻ ഡബ്ലിൻ തുടങ്ങിയ നഗരങ്ങളിൽ നടന്ന പ്രതിഷേധത്തിന്റെ ചിത്രങ്ങളും അവർ പങ്കുവച്ചു.
2016 മുതൽ ഗൂഗിളിലെ ഉന്നതോദ്യോഗസ്ഥർ അടക്കമുള്ളവർക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളെ തുടർന്ന് 48 പേരെ ഗൂഗിൾ എക്സിക്യൂട്ടിവ് ഓഫീസർ സുന്ദർ പിച്ചൈ പുറത്താക്കിയിരുന്നു. എന്നാൽ ആരോപണ വിധേയനായ ആൻഡ്രോയിഡ് സോഫ്ട്‌വെയർ നിർമ്മാതാവ് ആൻഡി റൂബിനെ ഉയർന്ന പ്രതിഫലം നൽകി പറഞ്ഞുവിടുകയായിരുന്നെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതിനെ തുടർന്നാണ് കമ്പനിക്കകത്തും പ്രതിഷേധം ശക്തമായത്.