saji

പുൽപ്പള്ളി: വീട്ടിൽ തിരിച്ചെത്തിയ സജിയെക്കണ്ട് ബന്ധുക്കളും നാട്ടുകാരും ഞെട്ടിത്തരിച്ചു. അമ്പരപ്പോടെ അവർ പരസ്പരം ചോദിച്ചു, അപ്പോൾ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത് ആരെ?...

ഇനി സംഭവത്തിലേക്ക്. കഥാപുരുഷൻ സജി (45) വയനാട് പുൽപ്പള്ളി ആടിക്കൊല്ലി തേക്കനാംകുന്നേൽ മത്തായിയുടെ മകൻ. കർണാടകത്തിലെ വനപ്രദേശമായ എച്ച്.ഡി കോട്ടയിൽ മാസങ്ങൾക്ക് മുമ്പ് കൃഷിപ്പണിക്ക് പോയ സജിയെപ്പറ്റി വീട്ടുകാർക്ക് കുറച്ചു നാളായി വിവരമൊന്നുമില്ലായിരുന്നു. ഇതിനിടെ കഴിഞ്ഞ 13ന് ബീച്ചനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സംഭവമറിഞ്ഞെത്തിയ സജിയുടെ അമ്മ ഫിലോമിനയും സഹോദരൻ ജിനേഷും മൃതദേഹം സജിയുടേതാണെന്ന് പൊലീനോട് ഉറപ്പിച്ചു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുകൊടുത്ത മൃതദേഹം 16ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കുകയും ചെയ്തു.

മൃതദേഹത്തിന്റെ കാല്പാദവും, ഒടിഞ്ഞ ശേഷം കമ്പിയിട്ട കാലും കണ്ടാണ് സജിയാണെന്ന് വീട്ടുകാർ ഉറപ്പിച്ചത്. സജിയുടെ കാലും ഒടിഞ്ഞശേഷം കമ്പിയിട്ടതായിരുന്നു. സജി ധരിക്കാറുണ്ടായിരുന്ന പോലുള്ള കൊന്തയും മൃതദേഹത്തിൽ നിന്ന് കിട്ടിയിരുന്നു.

ഇനിയാണ് ടേണിംഗ് പോയിന്റ്. കഴിഞ്ഞ ദിവസം പനമരത്തുള്ള ബന്ധുവിനെ കാണാൻ സജി എത്തി. അപ്പോഴാണറിയുന്നത് തന്നെ 'ആചാര പൂർവം സംസ്കരിച്ച" കാര്യം. സജി നേരെ പുൽപ്പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി ജീവനോടെയുണ്ടെന്ന വിവരമറിയിച്ചു. കൃഷിസ്ഥലത്ത് തങ്ങി പണിയെടുത്തതിനാലാണ് വീട്ടിൽ തിരിച്ചെത്താതിരുന്നത്.

അവിവാഹിതനായ സജി ആടിക്കൊല്ലിയിലെ കുടുംബ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. വീടും ഭൂമിയും തട്ടിയെടുക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നെന്നും ജീവിച്ചിരിക്കെ കൊന്ന് സംസ്കരിച്ചത് അതിനാലാണെന്നും സജി പൊലീസിൽ പരാതിയും നൽകി.

ബീച്ചനഹള്ളി പൊലീസും ഇപ്പോൾ നെട്ടോട്ടത്തിലാണ്. പള്ളിയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത്

തുടർ നടപടി സ്വീകരിക്കണം. വേണ്ട അന്വേഷണം നടത്താതെ സജിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതിന് സമാധാനം പറയണം.