sirisena

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ അസന്തുലിതാവസ്ഥ അവസാനിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് സമ്മർദ്ദം ശക്തമാകവെ ഈ മാസം അ‌ഞ്ചിന് പാർലമെന്റ് സമ്മേളിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന അറിയിച്ചു. തിങ്കളാഴ്ച പാർലമെന്റ് ചേരുമെന്ന് പ്രസിഡന്റിന്റെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് അറിയിച്ചത്. നവംബ‌ർ 16 വരെ പാർലമെന്റ് മരവിപ്പിച്ചുകൊണ്ടുള്ള സിരിസേനയുടെ ഉത്തരവ് പിൻവലിക്കുമെന്നും ഓഫീസ് വക്താവ് അറിയിച്ചു.

അഞ്ചാം തീയതി വിശ്വാസവോട്ടെടുപ്പ് നടക്കാനാണ് സാദ്ധ്യത. റെനിൽ വിക്രമസിംഗെയ്ക്കുള്ള പിന്തുണ പിൻവലിച്ച് മഹിന്ദ രാജപക്സെയെ പ്രധാനമന്ത്രിയായി അവരോധിച്ച സിരിസേനയുടെ നടപടിയെ തുടർന്ന് ഉടൻ പാർലമെന്റ് വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് പാർലമെന്റ് 16 വരെ മരവിപ്പിച്ചത്.

225 അംഗ സഭയിൽ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണൽ ഫ്രണ്ടിനും സിരിസേന-രാജപക്സെ സഖ്യത്തിനും നിലവിൽ നൂറിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.

ടി.എൻ.എയും ജെ.വി.പിയും ഉറ്റുനോക്കി ഇരുപക്ഷം

16 എം.പിമാരുള്ള തമിഴ് നാഷണൽ സഖ്യത്തിന്റെയും (ടി.എൻ.എ) ആറ് എം.പിമാരുള്ള ഇടതു സംഘടന ജനത വിമുക്തി പെരമുനയുടെയും (ജെ.വി.പി) മേലാണ് ഇരുപാർട്ടികളും കണ്ണുവച്ചിരിക്കുന്നത്. വിശ്വാസവോട്ടിൽ ഈ രണ്ടു പാർട്ടികളുമാകും നിർണായകമാവുക. രാജപക്സെ ഇതിനിടെ തന്നെ ടി.എൻ.എ നേതാവ് ആർ. സമ്പന്തനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ പിന്തുണ ഉറപ്പ് നൽകിയിട്ടില്ല.