sabarimala

തിരുവനന്തപുരം: ശബരിമലയിൽ ഒക്ടോബർ 17ന് നടന്ന അവലോകന യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ ഉദ്യേഗസ്ഥരെ തടഞ്ഞ സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേവസ്വം എസ്.പി ബിജോയ് പമ്പയിലെത്തി സുരക്ഷാജീവനക്കാരന്റെ മൊഴിയെടുത്തു. സംഭവദിവസം സ്ഥലത്തുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരുടെയും മൊഴി എടുക്കും. ഇതിനുശേഷമായിരിക്കും ദേവസ്വംബോർഡിന് റിപ്പോർട്ട് കൈമാറുന്നത്. റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാരുമായി ആലോചിച്ച് ദേവസ്വംബോർഡ് തുടർനടപടികൾ സ്വീകരിക്കും.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്നിധാനത്ത് വിളിച്ചുചേർത്ത അവലോകനയോഗത്തിൽ പങ്കെടുക്കാനെത്തിയ രണ്ടു വനിതാഉദ്യോഗസ്ഥരെ സുരക്ഷാജീവനക്കാരൻ പമ്പയിൽ വച്ച് തടഞ്ഞെന്നാണ് ആരോപണം. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയരുതെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വനിതാഉദ്യോഗസ്ഥർ എത്തിയപ്പോൾ പ്രതിഷേധക്കാർ ബഹളമുണ്ടാക്കുകയും ഇവരെ സന്നിധാനത്തിലേക്ക് പോകുന്നതിൽ നിന്ന് തടയുകയും ചെയ്തു. അവസാനം ഗാർഡ് റൂമിൽ കയറി പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിച്ചശേഷമാണ് ഇവർക്ക് സന്നിധാനത്തേക്ക് പോകാനായത് എന്നാണ് ആരോപണമുയർന്നത്. സംഭവത്തിൽ ശബരിമല എക്സിക്യുട്ടിവ് ഓഫീസറോട് റിപ്പോർട്ട് നൽകാൻ ദേവസ്വം ബോർ‌‌ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷമാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ വനിതാ ഉദ്യോഗസ്ഥരെ തടഞ്ഞില്ലെന്നും പ്രതിഷേധത്തെതുടർന്ന് ബഹളം അവസാനിപ്പിക്കാൻ ഇവർ സ്വമേധയാ തിരിച്ചറിയൽ കാർഡ് കാണിക്കുകയായിരുന്നുവെന്നാണ് സുരക്ഷാജീവനക്കാരന്റെ മൊഴി.