dks

ബംഗളൂരു: കർണാടകയിലെ രാമനഗരം നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പി നേതാവ് എൽ. ചന്ദ്രശേഖർ സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ച് കോൺഗ്രസിൽ മടങ്ങിയെത്തി. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ചന്ദ്രശേഖർ, ജെ.ഡി.എസ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിക്കെതിരെയുള്ള സ്ഥാനാർത്ഥിയായിരുന്നു.

കോൺഗ്രസ് എൽ.സി അംഗം സി.എം. ലിംഗപ്പയുടെ മകനായ ചന്ദ്രശേഖർ ഒക്ടോബർ പത്തിനാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. തുടർന്ന് ബി.ജെ.പി സ്ഥാനാർത്ഥിത്വം നൽകുകയായിരുന്നു.

മുതിർന്ന ബി.ജെ.പി നേതാക്കളുടെ നിസഹകരണത്തെ തുടർന്നാണ് കോൺഗ്രസിലേക്ക് മടങ്ങിവരവെന്ന് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കായി പ്രചാരണം നടത്താൻ ഒരു ബി.ജെ.പി നേതാവും വന്നില്ലെന്നും ചന്ദ്രശേഖർ ആരോപിച്ചു.

ഇന്നലെ പ്രചാരണം അവസാനിച്ച രാമനഗരം മണ്ഡലത്തിൽ നാളെയാണ് തിരഞ്ഞെടുപ്പ്.