-supreme-court-of-india

ന്യൂ‌ഡൽഹി: ചരിത്രത്തിലാദ്യമായി സുപ്രീം കോടതി സന്ദർശകർക്കായി തുറന്നു. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്‌ചയും രാവിലെ 10 മണി തൊട്ട് ഉച്ചയ്ക്ക് ഒരു മണി വരെ സന്ദർശകർക്ക് തുറന്നു കൊടുക്കാനാണ് തീരുമാനം. പരിമിതമായിട്ടാണെങ്കിലും സുപ്രീം കോടതിയുടെ പ്രവർത്തന രീതീകൾ പൊതു ജനങ്ങൾ നേരിട്ടറിയാനാണ് ഇത്തരമൊരു തീരുമാനമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് പറഞ്ഞു.

നിലവിൽ അഭിഭാഷകർക്കും മാദ്ധ്യമപ്രവർത്തകർക്കും മറ്റു ഉദ്യോഗസ്ഥർക്കും മാത്രമാണ് സുപ്രീം കോടതിയിൽ പ്രവേശനാനുമതി ഉള്ളത്. മറ്റു വ്യക്തികൾക്ക് പാസ് വഴി മാത്രമായിരുന്നു പ്രവേശനം. കോടതി മുറികൾ കാണിക്കുവാനും കെട്ടിടത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചും വാദത്തിലുള്ള കേസുകളെ വിവരിക്കാനും കോടതിയിലെ ഒരു ഉദ്യോഗസ്ഥനും സന്ദർശകരെ അനുഗമിക്കും. സുപ്രീം കോടതിയെ കുറിച്ചൊരു ഹ്രസ്വ ചിത്രവും സന്ദർശകരെ കാണിക്കും. സുപ്രിം കോടതി മ്യൂസിയത്തിലാണ് ഈ യാത്ര അവസാനിക്കുന്നത്.

സുപ്രീം കോടതി സന്ദർശിക്കാൻ താത്പര്യപ്പെടുന്നവർ കോടതിയുടെ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം.