deshpandey

ബംഗലുരു: കായികതാരങ്ങളുടെ കൈയിലേക്ക് വേദിയിൽ നിന്ന്​ സ്പോർട്സ് കിറ്റ് എറിഞ്ഞു കൊടുത്ത കർണാടക മന്ത്രി കുരുക്കിലായി. റവന്യു മന്ത്രി ആർ.വി. ദേശ്​പാണ്ഡെയാണ്​ കിറ്റ്​ എറിഞ്ഞു നൽകിയത്​. മന്ത്രിയുടെ മണ്ഡലമായ ഹലിയാലിൽ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് സംഭവം.

ദേശീയ, സംസ്ഥാന, ജില്ലാതല കായിക താരങ്ങൾക്ക് മന്ത്രി ധൃതിയിൽ കിറ്റ്​ വലിച്ചെറിഞ്ഞുകൊടുക്കുന്ന ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉദ്​ഘാടനത്തിനും പ്രസംഗത്തിനും ശേഷമാണ്​ കിറ്റ്​ വിതരണം തുടങ്ങിയത്​. കിറ്റ് ഏറ്റുവാങ്ങാൻ നിരവധി കായികതാരങ്ങൾ എത്തിയിരുന്നു. താരങ്ങളുടെ നീണ്ട ലിസ്റ്റ് കണ്ട് അസ്വസ്ഥനായ ദേശ്പാണ്ഡെ കായികതാരങ്ങളോട്​ വേദിക്കു താഴെ വന്നു നിൽക്കാൻ ആവശ്യപ്പെടുകയും കിറ്റ്​ എറിഞ്ഞു ​കൊടുക്കുകയുമായിരുന്നു. എന്നാൽ എല്ലാകായികതാരങ്ങളും തനിക്കറിയാവുന്നവരാണെന്നും അനാവശ്യമായി വിവാദം ഉണ്ടാക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ആഗസ്​റ്റിൽ പ്രളയ ബാധിതർക്ക്​ ദുരിതാശ്വാസ ക്യാമ്പിൽ കർണാടക പൊതുമരാമത്ത്​ മന്ത്രിയും മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമിയുടെ സഹോദരനുമായ എച്ച്​.ഡി. രേവണ്ണ ബിസ്​കറ്റ്​ എറിഞ്ഞുകൊടുത്തതും വിമർശനത്തിനിടയാക്കിയിരുന്നു.