തിരുവവന്തപുരം: അനന്തപുരയിലെ കന്നി അന്തരാഷ്ട്ര ഏകദിനത്തിന് സാക്ഷികളാകാനെത്തിയ ആരാധകരുടെ ആവേശത്തിരയിലേക്ക് ആദ്യമെത്തിയത് വിൻഡീസ് ടീമാണ്. രാവിലെ 11.30 ഓടെ അവർ സ്റ്റേഡിയത്തിലെത്തി. ഗാലറിയിലേക്ക് എത്തിത്തുടങ്ങിയ കാണികൾ താരങ്ങളെക്കാണാൻ ഗാലറിയുടെ അരികുവശത്തെത്തി ആർപ്പുവിളിച്ചു. സാമുവൽസ്, ഹോൾഡർ, ഹോപ്പ് എന്നൊക്കെ താരങ്ങളുടെ പേര് വിളിച്ച് ആരവമുണ്ടാക്കിയ കാണികൾക്ക് നേരെ കൈവീശിക്കാണിച്ച് അവർ ഡ്രസിംഗ് റൂമിലേക്ക് പോയി. പതിനൊന്നേ മുക്കാലോടെ ആരാധകരുടെ ആവേശം ഇരട്ടിയാക്കി ഇന്ത്യൻ ടീമെത്തി. പെരുമ്പറമുഴക്കുന്ന ആരവത്തിലേക്ക് വിരാട് കൊഹ്‌ലിയാണ് ആദ്യമിറങ്ങിയത്. ധോണി പുറത്തിറങ്ങിയപ്പോൾ ആരാധകരുടെ ആവേശം ഉച്ചസ്ഥായിലായി. എല്ലാതാരങ്ങളുടെയും പേരടുത്ത് വിളിച്ചാണ് അനന്തപുരിയിലെ ആരാധക്കൂട്ടം ടീം ഇന്ത്യയെ വരവേറ്രത്.
പന്തിന്റെ പന്തുകളി
മത്സരത്തിന് മുമ്പായി പരിശീലനത്തിനായി കളിക്കാർ ഗ്രൗണ്ടിലിറങ്ങിയപ്പോൾ യുവതാരം റിഷഭ് പന്താണ് താരമായത്. എല്ലാവർക്കും മുന്നേ കീപ്പിംഗ് ഗ്ലൗ അണിഞ്ഞ് പന്ത് പരിശീലനം തുടങ്ങി. തുടർന്ന് എല്ലാവരും എത്തിയശേഷം ഫുട്ബാൾ തട്ടിക്കളിച്ചപ്പോൾ ധോണിയേയും കൊഹ്‌ലിയേയും ഡ്രിബ്ലിംഗ് ചെയ്യാൻ ശ്രമിച്ചതും ഒടുവിൽ ധോണിയും കൊഹ്‌ലിയും ധവാനും ചേർന്ന് പന്തിന് പന്ത് നൽകാതെ കളിപ്പിച്ചതും ഗാലറിയിൽചിരിപടർത്തി.
ധവാൻ മഹാൻ
തിരുവനന്തപുരത്തെ കാണികളോട് ഏറെ അടുപ്പവും സ്നേഹവും ഇന്നലെ കാട്ടിയത് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനായിരുന്നു. താരങ്ങളിൽ പലരും ടീം ബസിൽ നിന്നിറങ്ങി തിരക്കിട്ട് ഡ്രസിംഗ് റൂമിലേക്ക് പോയപ്പോൾ ആരാധകർക്ക് നേരെ കൈവീശിക്കാണിച്ച് സ്നേഹവാക്കുകൾ പറഞ്ഞാണ് ധവാൻ. ബൗണ്ടറിയിൽ ഫീൽഡ് ചെയ്തപ്പോഴും കുശലം പറഞ്ഞ ധവാൻ റോവ്മാൻ പവലിന്റെ ക്യാച്ചെടുത്ത ശേഷം സ്വതസിദ്ധമായ ശൈലിയിൽ ആരാധകർക്ക് നേരെ തിരിഞ്ഞ് തുടയിൽ അടിച്ച് ആഘോഷിച്ചത് ആർപ്പുവിളികളോടെയാണ് ഗാലറി വരവേറ്രത്.ബാറ്രിംഗിൽ തിളങ്ങാനായില്ലെങ്കിലും മത്സരശേഷം ഹോട്ടലിലേക്ക് തിരിക്കുമ്പോഴും ആരാധകരോട് സ്നേഹം പങ്കുവച്ചായിരുന്നു ധവാന്റെ മടക്കം.
ഖലീലിന്റെ നിശബ്ദ ആഘോഷം
മുംബയിൽ നടന്ന നാലാം ഏകദിനത്തിനിടെ മാർലോൺ സാമുവൽസിന്റെ വിക്കറ്രെടുത്ത ശേഷം അദ്ദേഹത്തിനടുത്തെത്തി അലറിയതിന് ഐ.സി.സിയുടെ വാണിംഗ് ലഭിച്ച ഇന്ത്യൻ യുവപേസർ ഖലീൽ അഹമ്മദിന്റെ നിശബ്ദ വിക്കറ്രാഘോഷം വേറിട്ടകാഴ്ചയായി.റോവ്മാൻ പവലിന്റെയും ജാസൻ ഹോൾഡറുടെയും വിക്കറ്രെടുത്ത ശേഷം ചുണ്ടത്ത് വിരൽവച്ചായിരുന്നു ഖലീലിന്റെ ആഘോഷം.
ശാസ്ത്രിയണ്ണാ വണ്ടിമാറിയണ്ണാ
മത്സരശേഷം ഹോട്ടലിലേക്ക് മടങ്ങവേ ഇന്ത്യൻ കോച്ച് രവി ശാസ്‌ത്രി ഇന്ത്യൻ ടീമിന്റെ ബസാണെന്ന് തെറ്രിദ്ധരിച്ച് വെസ്റ്രിൻഡീസ് ടീമിന്റെ ബസിൽ കയറിയത് തമാശയായി. താരങ്ങളെ ഒരു നോക്ക് കാണാൻ കാത്ത് നിന്ന ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെ ടീമംഗങ്ങൾക്ക് മുൻപ് ശാസ്ത്രിയാണ് ആദ്യം ബസിൽ കയറാനെത്തിയത്. ഒന്നും നോക്കാതെ ആദ്യം കണ്ട വണ്ടിയിലേക്ക് ശാസ്‌ത്രി കയറുകയായിരുന്നു.ഇതുകണ്ട ആരാധകക്കൂട്ടം അലറിവിളിച്ചു - ശാസ്ത്രിയണ്ണാ വണ്ടി മാറിയണ്ണാ... ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തോട് കാര്യം പറഞ്ഞ് മനസിലാക്കി. തുടന്ന് ശാസ്ത്രി വിൻഡീസ് ടീമിന്റെ വണ്ടിയിൽ നിന്ന് പുറത്തിറങ്ങി ചമ്മിയ ചിരിയോടെ ആരാധകരുടെ നേരെ കൈവീശി ഇന്ത്യൻ ടീമിന്റെ ബസിൽകയറുകയായിരുന്നു.