police

തിരുവനന്തപുരം: മുസ്ലിം ലീഗ് ജില്ലാ നേതാവിനെ നടുറോഡിലൂടെ വിവസ്ത്രനാക്കി നടത്തി പൊലീസിന്റെ റോഡ് ഷോ. മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം ഷിബു കല്ലറയെയാണ് മുണ്ടില്ലാതെ നടത്തിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടിയതോടെ വിവാദവുമായി. സംഭവത്തിൽ പാങ്ങോട് എസ്.ഐ നിയാസിന്റെ പേരിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായി ഷിബു പറഞ്ഞു. പൊലീസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് ഇന്ന് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച പതിനൊന്നരയോടെ തന്റെ അച്ഛന്റെ സഹോദരന്റെ വീട്ടിലെത്തി പൊലീസ് തന്നെ അറസ്റ്റ് ചെയ്തുവെന്നും വീട്ടിൽ നിന്നിറക്കി 400 മീറ്ററോളം മുണ്ടില്ലാതെ നടത്തുകയായിരുന്നുവെന്നും ഷിബു പറഞ്ഞു. വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്റെ മുന്നിലൂടെയാണ് കൊണ്ട് പോയത്. സ്റ്റേഷനിലെത്തിച്ച ശേഷവും തനിക്ക് ഉടുക്കാൻ മുണ്ട് നൽകിയില്ല. കോടതിയിൽ ഹാജരാക്കാൻ നേരത്ത് മാത്രമാണ് തുണി നൽകിയതെന്നും ഷിബു പറഞ്ഞു.

റോഡിലൂടെ കൊണ്ടുപോകുന്നതിനിടെ ഒരു റോഡ് ഷോ നടത്തി കളയാം എന്ന് എസ്.ഐ പറഞ്ഞതായും ഷിബു ആരോപിച്ചു.

ജൂലായിൽ നടന്ന ഒരു സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് എസ്.ഐക്ക് തന്നോട് ദേഷ്യമുണ്ടാവാൻ കാരണം. അന്ന് ഷാജഹാൻ എന്ന സഹപ്രവർത്തകനെ അറസ്റ്റ് ചെയ്തു. എസ്.ഐ അയാളെ വിവസ്ത്രനാക്കി ലോക്കപ്പിൽ നിർത്തി.

അതിനെതിരെ ഡിപ്പാർട്ട്മെന്റ് തലത്തിൽ പരാതിയുമായി മുന്നോട്ട് പോയി. അതോടെയാണ് തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നും ഷിബു പറഞ്ഞു. കേസ് ഇപ്പോൾ കോടതി സ്റ്റേ ചെയ്തു. .തന്റെ പേരിൽ വാറണ്ട് വന്നത് അറിയിച്ചില്ലെന്നും കുടുംബത്തെ സമൂഹത്തിന് മുന്നിൽ അപമാനിക്കുകയാണെന്നും ഷിബു ആരോപിച്ചു.

എന്നാൽ പുനലൂർ കോടതിയുടെ വാറണ്ട് അനുസരിച്ച് ചെക്ക് കേസിലെ പ്രതിയായ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പാങ്ങോട് എസ്.ഐ നിയാസ് അറിയിച്ചു. കല്ലറയിലുള്ള ബാറിന്‍ സമീപത്തുനിന്നാണ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ രക്ഷപ്പെടാൻ നോക്കിയ ഷിബുവിനെ പിന്നീട് പിടികൂടിയപ്പോൾ നിക്കർ മാത്രമാണ് ധരിച്ചിരുന്നത്. അതിന് ശേഷം പുതിയ മുണ്ടും ആഹാരവുമെല്ലാം പൊലീസാണ് വാങ്ങി നൽകിയതെന്നും നിയാസ് പറഞ്ഞു.