-salary-challenge

തിരുവനന്തപുരം: സാലറി ചലഞ്ചിലെ ആശയക്കുഴപ്പം മൂലം പലയിടത്തും ശമ്പള വിതരണം മുടങ്ങി. സുപ്രീം കോടതി വിധിയെ തുട‌ർന്ന് ധനകാര്യ വകുപ്പ് ഇറക്കിയ സർക്കുലറിലെ ആശയക്കുഴപ്പമാണ് ശമ്പളം വൈകുവാൻ കാരണം. രണ്ടു ദിവസം മുൻപാണ് പുതിയ സർക്കുലർ വന്നത്. ശമ്പളം നൽകാനുള്ള വിസമ്മതത്തിന് പകരം താത്പര്യമുള്ളവർ സമ്മതപത്രം നൽകിയാൽ മതിയാകും എന്നതാണ് പുതിയ രീതി. ശമ്പള ബില്ലുകൾ സർക്കാർ ട്രഷറിയിലെത്തിയ ശേഷമാണ് സുപ്രീം കോടതി വിധി വന്നത്. തുടർന്ന് സാലറി ചലഞ്ചിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർ ഡി.ഡി.ഒമാർക്ക് സമ്മതപത്രം ന‌ൽകണമെന്ന് കാട്ടി ധനകാര്യ വകുപ്പ് ആദ്യ സർക്കുലർ ഇറക്കി.

നേരത്തെ സമ്മതപത്രം സമർപ്പിക്കാതെ ട്രഷറിയിലെത്തിയ ബില്ലുകൾ ഡി.ഡി.ഒമാർ തിരികെ വാങ്ങി തിരുത്തൽ വരുത്തി സമർപ്പിക്കണമെന്ന രണ്ടാം സർക്കുലറുമിറങ്ങി. തുടർന്ന് സമ്മതപത്രം നൽകിയ ഓഫിസുകളൊഴികെ ഉള്ളവയ്ക്ക് ശമ്പളം വൈകുമെന്ന അവസ്ഥയായി. ഒരു ലക്ഷത്തോളം സർക്കാർ ജീവനക്കാർ‌ക്കാണ് ഇന്ന് ഇത് മൂലം ശമ്പളം മുടങ്ങിയത്. അൻപതിനായിരത്തോളം ജീവനക്കാർക്ക് മാത്രമാണ് ഇന്ന് ശമ്പളം വിതരണം ചെയ്യാനായത്.

മുൻപ് വിസമ്മത നൽകിയിട്ടുള്ളവരുള്ള ഓഫീസുകൾ പുതിയ ബില്ലുകൾ സമർപ്പിക്കേണ്ടി വരും. ഇത് കൂടുതൽ കാലതാമസങ്ങൾക്ക് കാരണമാകുമോയെന്ന് ജീവനക്കാർക്ക് ആശങ്കയുണ്ട്. നേരത്തെ സർക്കാറിന്റെ സാലറി ചലഞ്ചിനെതിരായ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയിൽ സമ‌ർപ്പിച്ച ഹ‍ർജി കോടതി തള്ളിയിരുന്നു. വിസമ്മതപത്രം നൽകുക വഴി പണം നൽകാൻ കഴിയാത്തവർ സ്വയം അപമാനിതരാകേണ്ട എന്നതായിരുന്നു കോടതി നിരീക്ഷണം. തുടർന്ന് വിസമ്മതപത്രത്തിന് പകരം ശമ്പളം നൽകാൻ തയ്യാറുള്ളവർ സമ്മതപത്രം നൽകിയാൽ മതിയാകും എന്ന പുതിയ സർക്കുലർ സർക്കാർ‌ ഇറക്കുകയായിരുന്നു.