ജമ്മു∙ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജിത് പരിഹറും അക്രമികളുടെ വെടിയേറ്റു മരിച്ചു. ജമ്മു കാശ്മീരിലെ കിഷ്തറിൽ വൈകിട്ട് എട്ടോടെയാണ് സംഭവം. തപൻ ഗലിയിലുള്ള സ്റ്റേഷനറി കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിൽ ഭീകരരാണെന്ന് ബി.ജെ.പി ആരോപിച്ചു. വെടിയേറ്റയുടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന അറിയിച്ചു. സംഭവത്തെതുടർന്ന് കിഷ്ത്വറിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
2008ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കാശ്മീർ നാഷൻ പാന്തേഴ്സിന്റെ സ്ഥാനാർത്ഥിയായി കിഷ്ത്വറിൽ അനിൽ പരിഹർ മത്സരിച്ചിരുന്നു.