അയല
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന സമുദ്ര മത്സ്യയിനം. പ്രധാനപ്പെട്ട ഭക്ഷ്യ മത്സ്യയിനമായ ഇതിന്റെ പുറംഭാഗത്തിന് ഇളം പച്ചനിറമാണ്. ഇതിന്റെ മുതുകിലുള്ള ചെതുമ്പലുകൾ വളരെ ചെറുതാണ്. ചെറിയ സസ്യങ്ങളും, ചെറു ജീവികളുമാണ് ആഹാരം. സമുദ്രത്തിന്റെ ഉപരിതലത്തിൽ കൂട്ടമായാണ് അയല മത്സ്യങ്ങൾ കാണപ്പെടുക. ഇവ ധാരാളമായി കാണപ്പെടുന്ന ഭാഗം വ്യത്യസ്തമായിരിക്കും.
പോഷകസമ്പുഷ്ടമാണ് അയല. മാംസ്യം, കൊഴുപ്പ് എന്നിവ നല്ലൊരളവിൽ തന്നെ ഇതിൽ അടങ്ങിയിരിക്കുന്നു. ഭക്ഷണാവശ്യത്തിന് പുറമെ കൊഴുപ്പുണ്ടാക്കാനും അയല ഉപയോഗിക്കുന്നു. തെങ്ങിനും മറ്റും നല്ലൊരു വളമാണ് അയല. ഫിഷ് മീൽ എന്ന മത്സ്യതീറ്റ ഉണ്ടാക്കാൻ അയല ഉപയോഗിക്കുന്നു.
ശാസ്ത്രനാമം: റാസ്‌ട്രെലിജെർ കാനഗുർട്ട
(Rastrelliger kanagurta)
അയക്കൂറ (നെയ് മീൻ)
നമ്മുടെ കടലിൽ ധാരാളമായി കിട്ടുന്ന മത്സ്യം. അയലയുടെ കുടുംബാംഗമാണ് വടക്കൻ കേരളത്തിൽ അയക്കൂറ എന്നും തെക്കൻ കേരളത്തിൽ നെയ്മീൻ എന്നും അറിയപ്പെടുന്ന ഈ മത്സ്യം. വലിപ്പം കൂടുതലുള്ളതുകൊണ്ട് 'അയല രാജാവ് ' എന്ന് വിളിക്കപ്പെടുന്നു. ഇതിന്റെ ദേഹത്ത് കുറുകെ വരകൾ കാണാം. ബലമേറിയ കൂർത്ത പല്ലുകൾ പ്രത്യേകതകളാണ്. ശരീരത്തിന്റെ മുകൾ ഭാഗത്ത് ഉരുക്ക് നിറവും അടിഭാഗത്ത് വെള്ളനിറവുമാണ്. മുള്ളുകളില്ലാത്ത മാംസം സ്വാദിലും മുൻപന്തിയിലാണ് അതിനാൽ തന്നെ പ്രധാനപ്പെട്ട ഭക്ഷ്യ മത്സ്യമാണിത്.
ശാസ്ത്രനാമം: സ്‌കോംബെറോമോറസ് കോമേഴ്സൻ (scomberomorus commercen)
ഇംഗ്ലീഷ് നാമം: സീർ ഫിഷ് (seer fish)
കട്ട്ല
കാർപ്പുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന സിപ്രിനിഡേ മത്സ്യകുടുംബത്തിലെ അംഗം. വളർത്തു മത്സ്യം എന്ന രീതിയിൽ നമ്മുടെ നാട്ടിൽ പ്രശസ്തമാണ്. തടിച്ച നീളം കുറഞ്ഞ ശരീരമാണ് കട്ട്ലയുടേത്. ചാരനിറവും വെള്ളനിറവും ശരീരത്തിൽ കാണാം. ജന്തു പ്ലവകങ്ങളാണ് പ്രധാന ആഹാരം. ചെറിയ മുള്ളുകൾ വളരെ കുറച്ചു മാത്രമുള്ളതുകൊണ്ടും രുചിയുള്ള മാംസമായതുകൊണ്ടും വിപണിയിൽ പ്രിയമാണിതിന്. ശാസ്ത്രനാമം: കട്ട്ല കട്ട്ല (catla catla)
കാരി(catfish)
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ശുദ്ധജല മത്സ്യയിനം. ചെകിളപ്പൂക്കൾ കൂടാതെ പ്രത്യേക ശ്വസനാവയവമായ സഹായക ശ്വസനാംഗം കാരിയിൽ കാണപ്പെടുന്നു എന്നത് പ്രത്യേകതയാണ്. നേരിയ കറുപ്പ് നിറമുള്ള ശരീരത്തിൽ ശൽക്കങ്ങൾ ഇല്ല. പരന്ന തലയാണ് കാരിക്ക്. സ്വാദേറിയ മാംസമാണ് കാരിയുടേത്.
ശാസ്ത്രനാമം: ഹെറ്ററോപ്പനുസ്റ്റസ് ഫോസിലിസ് (Heteropneusles fossilis)
മത്തി
സർവസാധാരണമായി കാണപ്പെടുന്ന മത്സ്യം. ഇറ്റലിയിലെ ഒരു ദ്വീപായ സാർഡിനിയക്ക് സമീപമാണ് ഒരു കാലത്ത് മത്തികൾ കൂടുതലായി കാണപ്പെട്ടിരുന്നത്. അതുകൊണ്ടാണ് മത്തിക്ക് ഇംഗ്ലീഷിൽ പൊതുവായി പറയുന്ന സാർഡിനീയ എന്ന പേര് ലഭിച്ചത്. വെള്ളി നിറമാണ് ശരീരത്തിന്. താരതമ്യേന വലിയ വായാണെങ്കിലും പല്ലുകളില്ല. കൂട്ടമായി സഞ്ചരിക്കുന്ന ഇവയെ ഉഷ്ണമേഖലാ സമുദ്രങ്ങളിൽ ധാരാളമായി കാണാം. പ്രധാന ഭക്ഷ്യമത്സ്യമായ ഇത് വ്യവസായിക പ്രാധാന്യമുള്ള മത്സ്യം കൂടിയാണ്.
ശാസ്ത്രനാമം: സാർഡിനോപ്പ്സ് പിൽച്ചാർഡ്സ് (sardinops pilchardus)
പരൽ
ശുദ്ധജലഭക്ഷ്യമത്സ്യമായ പരൽ ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്നു. ഉപ്പുരസമുള്ള ജലത്തിലും ഇവയ്ക്ക് വളരാൻ കഴിയും. വെള്ളി നിറവും കടുംപച്ച നിറവും കലർന്ന നിറമാണ് ഇതിന്റെ ശരീരത്തിന്റെ ഉദരഭാഗത്തിന്. നെടുകെ ഒരു നീലവര ഉദരഭാഗത്ത് കാണാം. സ്വർണനിറം കലർന്ന ചുവപ്പ് നിറമാണ് തലയുടെ വശങ്ങൾക്ക്. ചിറകുകൾക്ക് കറുപ്പ്, മഞ്ഞകലർന്ന കറുപ്പ് നിറങ്ങളാണുള്ളത്. ചീഞ്ഞ ജലസസ്യങ്ങൾ, പുഴുക്കൾ, പ്രാണികൾ, പായലുകൾ എന്നിവയെ ഭക്ഷണമാക്കുന്നു. അക്വേറിയ മത്സ്യമായും ഉപയോഗിക്കുന്ന പരലിന്റെ മാംസം രുചികരമാണ്.
ശാസ്ത്രനാമം: പുൺടിയസ് പാറ (puntius parrah)
പൂമീൻ
ചാനിഡേ മത്സ്യകുടുംബത്തിലെ ഏക അംഗം. വളർത്താനും ഭക്ഷണത്തിനുമായി ഉപയോഗിക്കുന്നു. വെള്ളിപോലെ വെട്ടിത്തിളങ്ങുന്ന ശരീരമാണ്. ജലത്തിലെ ലവണാംശത്തിന്റെ വ്യതിയാനത്തെ ചെറുക്കാൻ ഇതിന് കഴിയുമെന്നത് പൂമീനിന്റെ വലിയ പ്രത്യേകതയാണ്.
ശുദ്ധജലത്തിലും ഇത് വളരും. വേഗത്തിൽ വളരുന്ന ഈ മത്സ്യത്തിന് മറ്റു മത്സ്യങ്ങളുമായി പൊരുത്തപ്പെട്ട് പോവാൻ കഴിയും. ഉദരഭാഗത്ത് വെള്ള നിറവും മുതുകിന് പച്ച നിറവുമാണുള്ളത്.
ആൽഗകൾ, ജലസസ്യങ്ങൾ എന്നിവയാണ് പ്രധാന ആഹാരം. ലോകവ്യാപകമായി കണ്ടുവരുന്ന മീനാണിത്.
ശാസ്ത്രനാമം: ചാനോസ് ചാനോസ് (chanos chanos)
വരാൽ
ശുദ്ധജലമത്സ്യം. കേരളത്തിൽ അഞ്ചുതരം വരാലുകളെ കാണാം. ഇതിന്റെ തലയ്ക്ക് പാമ്പിന്റെ തലയുമായി സാദൃശ്യമുള്ളതിനാൽ പാമ്പു തലയന്മാർ എന്നർത്ഥം വരുന്ന ഒഫിയോ കെഫാലിഡേ (ഒഫിയോ= പാമ്പ്, കെഫാലിസ് =തല) എന്നാണ് വരാലിന്റെ കുടുംബത്തിന്റെ പേര്. അഞ്ചുതരം വരാലുകൾ കേരളത്തിൽ കാണപ്പെടുന്നു.
ശാസ്ത്രനാമം: പുൺടിയസ് ഡുബിയസ് (puntius dubios)
കോഴിമീൻ
ദക്ഷിണേന്ത്യയിൽ സമൃദ്ധമായി കാണപ്പെടുന്ന കോഴിമീൻ ഒരു ശുദ്ധജലമത്സ്യമാണ്. ലോകവ്യാപകമായി കാണപ്പെടുന്ന ഇതിന്റെ എഴുപതോളം ഇനങ്ങളെ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. ആണിനെയും പെണ്ണിനെയും വളരെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ജലാശയത്തിന്റെ അടിത്തട്ടിൽ വസിക്കുന്ന ഇവയുടെ ആഹാരം പ്ലവകങ്ങൾ, ചെറു പ്രാണികൾ, ആൽഗകൾ എന്നിവയാണ്.
ചികഞ്ഞു ഭക്ഷണം തേടുന്നതിനാലാവാം കോഴിമീൻ എന്ന് പേര് വന്നത്. മുള്ളുകൾ നിറയെ ഉണ്ടെങ്കിലും രുചികരമാണ് ഇതിന്റെ മാംസം.
പള്ളത്തി (orange chromide)
കരിമീനിന്റെ കുടുംബത്തിലെ അംഗമായ ശുദ്ധജല മത്സ്യം. പാടശേഖരങ്ങളിലും കുളങ്ങളിലും കായലുകളിലും ഇവയെ കാണാം. കറുത്ത മൂന്ന് പുള്ളികൾ ശരീരത്തിൽ കാണാം. ശരീരത്തിന്റെ നിറമെന്താണെന്ന് കൃത്യമായി പറയാൻ കഴിയില്ല. പുള്ളികളുടെ നിറം തന്നെ വ്യത്യസ്തമാണ്. ശാസ്ത്രനാമം: എട്രോപ്ലസ് മാക്കുലേറ്റസ് (etroplus maculatus)